
ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഗാസയിൽ രണ്ട് ഉന്നത ഹമാസ് കമാൻഡർമാരെ വധിച്ചതായി ബുധനാഴ്ച ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റും നടത്തിയ രഹസ്യാന്വേഷണ ശ്രമങ്ങളെത്തുടർന്ന് ഹമാസിന്റെ ഗാസ സിറ്റി ബ്രിഗേഡിലെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ അറേ തലവൻ മുഹമ്മദ് അവ്ദല്ല, ഹമാസ് നാവികസേന കമാൻഡർ അക്രം ഹിജാസി എന്നിവരെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
ഇസ്രയേലിനെതിരായ ഹമാസിന്റെ മാരകമായ ആക്രമണത്തിന് ശേഷം ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ഇരുവശത്തുമായി 4000 ത്തിലധികം പേർ കൊല്ലപ്പെട്ടു. ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിനു പിന്നാലെ, ഇസ്രായേൽ തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടെ, അയൽരാജ്യമായ ഈജിപ്തും ജോർദാനും എന്തുകൊണ്ട് പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കുന്നില്ല എന്ന ചോദ്യവും ഉയരുകയാണ്. ഗാസയുമായി അതിർത്തി പങ്കിടുന്ന ഈജിപ്തും വെസ്റ്റ് ബാങ്കുമായി അതിർത്തി പങ്കിടുന്ന ജോർദാനും ഇതിനു തയ്യാറാല്ല എന്ന് വ്യക്തമായി അറിയിച്ചിട്ടും ഉണ്ട്. ജോർദാനിൽ ഇതിനകം ഒരു വലിയ പലസ്തീൻ ജനസംഖ്യയുണ്ട് എന്നതും ഒരു കാരണമാണ്.
നിലവിലെ യുദ്ധം ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസിനെതിരെ പോരാടാൻ മാത്രമല്ലെന്നും മറിച്ച്, അവിടെയുള്ളവർക്ക് ഈജിപ്തിലേക്ക് കുടിയേറാനുള്ള ശ്രമം കൂടിയാണെന്നും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ബുധനാഴ്ച പറഞ്ഞിരുന്നു. ഇത് ഈ മേഖലയിലെ സമാധാനം തകരാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
Post Your Comments