
ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഭക്ഷണം ഹൃദയാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ദൈനംദിന ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ദിവസവും കഴിക്കാവുന്ന ചില ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്…
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കത്തിൽ നിന്നും സംരക്ഷിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്ലാന്റ് സ്റ്റിറോളുകൾ, നാരുകൾ എന്നിവയെല്ലാം വാൾനട്ടിൽ ധാരാളമുണ്ട്.
ബ്ലൂബെറി, ക്രാൻബെറി എന്നിവയിൽ ധാരാളമായി ആന്റി-ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ക്രാൻബെറിയിൽ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റായ പോളിഫിനോൾ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ‘അഡ് വാൻസസ് ഇൻ ന്യൂട്രീഷൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഒലീവ് ഓയിൽ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയും. ഒലീവ് ഓയിലിൽ വലിയ അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ കൊളസ്ട്രോളിനെ ഓക്സിഡേഷനിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ടോസ്റ്റ്, വേവിച്ച പച്ചക്കറികൾ, സലാഡുകൾ എന്നിവയിൽ ഒലീവ് ഓയിൽ ഉപയോഗിക്കാം.
ഓറഞ്ചിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈബർ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും അവയിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തെ മോശമായി ബാധിക്കുന്ന കൊളസ്‌ട്രോൾ ഉത്പാദനം തടയുന്നതിനും തണ്ണിമത്തൻ സഹായിക്കും. ധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ രൂപപ്പെടുന്നതിന് കാരണമായ എൽഡിഎൽ. കൊളസ്‌ട്രോൾ ഉത്പാദനം തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നിയന്ത്രിക്കാൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നു.
ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ക്വിനോവ അല്ലെങ്കിൽ ബാർലി പോലുള്ള ധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. അവയിൽ ധാരാളം ഡയറ്ററി നൈട്രേറ്റുകൾ ഉൾപ്പെടുന്നു, അവ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും സഹായകമാണ്.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഓട്‌സിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഓട്‌സ് എന്നും ശീലമാക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയ്‌ക്കുമെന്നും അതുവഴി ഹൃദയധമനികളെ സംരക്ഷിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
Post Your Comments