ടെല്‍ അവീവ്: പലസ്തീനിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന് എതിരെ നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍. ഇസ്രയേലില്‍ എത്തുന്ന യുഎസ് പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് അറബ് രാജ്യങ്ങള്‍ പിന്മാറി.
പലസ്തീനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് അറബ് രാജ്യങ്ങള്‍ രംഗത്ത് എത്തി. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കൊടുവിലും വെടിനിര്‍ത്തലിന് തയ്യാറാവാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച സൗദി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നാവശ്യപ്പെട്ടു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തര്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇത് പ്രകോപനം കൂട്ടുന്നതാണെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. നിരപരാധികളെയും സ്കൂളുകളും ആശുപ്രത്രികളും ആക്രമിക്കുന്ന ഇസ്രയേല്‍ നടപടി പ്രകോപനം കൂട്ടുന്നതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. യുഎഇ ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളെല്ലാം ആക്രമണത്തെ അപലപിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അറബ് മേഖലയൊന്നാകെ അപലപിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിലും ഇത് തടയാന്‍ ഇടപെടലുണ്ടാവാത്തതിലും രോഷം ശക്തമാണ്. അമേരിക്ക ഇടപെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളിലെല്ലാം നിരപരാധികള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനും, മരുന്നും സഹായങ്ങളുമെത്തിക്കാനുള്ള പാത തുറക്കാനുമായിരുന്നു സൗദിയും ഖത്തറും യുഎഇയും ഉള്‍പ്പെടെ പ്രധാന രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.
Post Your Comments