ഡല്‍ഹി: മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കാന്‍ ആലോചിക്കുന്നതായി സിബിഐയും ഇഡിയും സുപ്രീം കോടതിയില്‍. മദ്യനയക്കേസില്‍ എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു ഇക്കാര്യം വ്യക്തമാക്കിയത്. സിസോദിയയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ഇതുവരെ വാദം തുടങ്ങാത്തത് എന്തുകൊണ്ടാണെന്ന് ബെഞ്ച് എഎസ്ജി രാജുവിനോട് ചോദിച്ചു.
‘ഇത് എപ്പോള്‍ ആരംഭിക്കും? നിങ്ങള്‍ക്ക് ആരെയും അനിശ്ചിതകാലത്തേക്ക് നിര്‍ത്താന്‍ കഴിയില്ല. കാരണം നിങ്ങള്‍ക്ക് എപ്പോള്‍ വാദം നടത്താമെന്നതിനെ കുറിച്ച് ആത്മവിശ്വാസമില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇങ്ങനെ പിന്നില്‍ നിര്‍ത്താന്‍ കഴിയില്ല. ഞായറാഴ്ച വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു. ഇതിന് പിന്നാലെ, എഎപിയെ കേസില്‍ പ്രതിയാക്കാനുള്ള അന്വേഷണ ഏജന്‍സികളുടെ ആലോചനയെ കുറിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 72 പ്രയോഗിച്ചതിനെക്കുറിച്ചും എഎസ്ജി രാജു മറുപടി നല്‍കി.
‘കേസിൽ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. കൂടാതെ അധിക അന്വേഷണത്തിന് സെക്ഷന്‍ 72 വേണമെന്നും ആവശ്യപ്പെടുന്നു,’ എഎസ്ജി രാജു പറഞ്ഞു. അതേസമയം, ഇഡിയും സിബിഐയും അന്വേഷിക്കുന്ന കേസുകളില്‍ എഎപിക്കെതിരെ പുതിയ കുറ്റം ചുമത്തുമോയെന്ന കാര്യം വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‌വിഎന്‍ ഭട്ടിയും അടങ്ങുന്ന ബെഞ്ച് എഎസ്ജി രാജുവിനോട് ആവശ്യപ്പെട്ടു.
ഡല്‍ഹി മദ്യനയ കേസുകളുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലാണ് സിസോദിയ അറസ്റ്റിലായത്. ഇപ്പോഴും അദ്ദേഹം ജയിലില്‍ കഴിയുകയാണ്. 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി എഎപിക്ക് ഒന്നിലധികം പങ്കാളികളില്‍ നിന്ന് സഹായം ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.
Leave a Comment