ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഹമാസിനെ പുകഴ്ത്തി പോസ്റ്റിടുന്നവർക്ക് പണി കിട്ടുമെന്ന് മുന്നറിയിപ്പ് നൽകിയ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗിന് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണങ്ങളെ കൊടുംതിന്മയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ നന്ദി അറിയിച്ച് രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ വാർത്തകൾക്കും തെറ്റായ വിവരങ്ങൾക്കുമെതിരെ യൂറോപ്യൻ യൂണിയൻ (ഇയു) ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസം സക്കർബർഗ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് ഇസ്രായേൽ എന്ന പ്രൊഫൈൽ എക്സിൽ പങ്കുവെച്ചത്. ‘ഹമാസിന്റെ ഭീകരാക്രമണങ്ങൾ ശുദ്ധ തിന്മയാണ്. നിരപരാധികളായ ജനങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരിക്കലും ന്യായീകരണമില്ല. അതിന്റെ ഫലമായുണ്ടായ വ്യാപകമായ ദുരിതം വിനാശകരമാണ്. ഇസ്രായേലിലെയും പ്രദേശത്തെയും ഞങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയിലാണ് എന്റെ ശ്രദ്ധ’, ഇങ്ങനെയായിരുന്നു സക്കർബർഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
അതേസമയം, ഹമാസിനെ വാഴ്ത്തുകയും അവർക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ ഒന്നും കാര്യമായി ചെയ്യുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ വിമര്‍ശനത്തിനും താക്കീതിനും പിന്നാലെയായിരുന്നു മെറ്റയുടെ നീക്കം.
Post Your Comments