പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ടെഹ്റാനിലെ വസതിയിൽ ആണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ അക്രമി വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യ വഹീദ മുഹമ്മദിഫറിന്റെയും ദരിയുഷ് മെഹർജുയിയുടെയും കഴുത്തിൽ മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള വസതിയിലാണ് ഇരുവരും താമസിക്കുന്നത്. മകൾ മോന മെഹർജുയി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രമിക്ക് പ്രകോപനപരമായ കാരണങ്ങൾ ഇല്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഭാര്യ വഹീദ മുഹമ്മദിഫറി കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.
1970 കളുടെ തുടക്കത്തിൽ മികച്ച റിയലിസ്റ്റിക് സിനിമകൾ സംവിധാനം ചെയ്ത് ഇറാനിയൻ ന്യൂവേവ് സിനിമകളുടെ ഭാഗമായ വിഖ്യാത സംവിധായകനാണ് ദരിയുഷ് മെഹർജുയി. ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ഹ്യൂഗോ അവാർഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സംവിധായകനാണ് ദരിയുഷ് മെഹർജുയി.
Post Your Comments