തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മാന്യത കാട്ടിയില്ലെന്ന വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എംപി. മന്ത്രി ദേവർ കോവിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ സുധാകരൻ പറഞ്ഞു.
തുറമുഖ പദ്ധതിയിൽ തങ്ങളുടേതായ സംഭാവനകൾ നല്കിയ മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ, ഇകെ നായനാർ, വിഎസ് അച്യുതാനന്ദൻ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു എന്നും എന്നാൽ പിണറായി വിജയൻ സർക്കാർ പരസ്യം ഉൾപ്പെടെ എല്ലായിടത്തും മുൻ മുഖ്യമന്ത്രിമാരെ പൂർണമായി അവഗണിച്ചു എന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു.
‘അന്താരാഷ്ട്രലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരേ പ്രവർത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാൻ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5000 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണ കമ്മിഷനെ വച്ച് വേട്ടയാടിയും കടൽക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചു. അന്താരാഷ്ട്ര ലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയൻ പ്രവർത്തിച്ചു എന്നു സംശയിക്കണം. ലോബി ഇടപാടിൽ ഒന്നാം പ്രതി പിണറായി വിജയനാണ്,’ കെ സുധാകരൻ വ്യക്തമാക്കി.
Post Your Comments