തിരുവനന്തപുരം: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞത്തേക്ക് 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്ന് കേരളം തെളിയിച്ചതാണ്. പ്രതിസന്ധികൾ മൂലം പദ്ധതിക്ക് കുറച്ച് കാലതാമസം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരണം നൽകി. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വിഴിഞ്ഞം ഇടവക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര ഷിപ്പിംഗ്, വാട്ടർവേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യ അതിഥിയായി. അദാനി പോർട്സ് പ്രതിനിധികളും ചടങ്ങിൽ പങ്കാളിയായി. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പലാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും.
Read Also: സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ ജീവിതം തീര്‍ന്നു: രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍
Post Your Comments