വിമാനയാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് സമയബന്ധിതമല്ലാത്ത സർവീസുകൾ. പലപ്പോഴും മണിക്കൂറുകൾ വൈകിയുള്ള വിമാന സർവീസുകൾ യാത്രക്കാരെ രോഷം കൊള്ളിക്കാറുണ്ട്. അത്തരത്തിൽ രണ്ട് മണിക്കൂറിലേറെ സമയം വൈകിയുള്ള സർവീസുകളുടെ വിവരങ്ങളും, വിമാന കമ്പനികളും ഏതെന്ന് പുറത്തുവിട്ടിരിക്കുകയാണ് ഡിജിസിഎ. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ കഴിഞ്ഞ മാസം സർവീസുകൾ റദ്ദാക്കിയതിനെയും, സമയം വൈകിപ്പിച്ചതിനെയും തുടർന്ന് 7000 യാത്രക്കാരെയാണ് പ്രതികൂലമായി ബാധിച്ചത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 450 യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചിട്ടുണ്ട്. കൂടാതെ, 2 മണിക്കൂറിലധികം വിമാനങ്ങൾ വൈകിയതിനാൽ 25,667 യാത്രക്കാരും ബുദ്ധിമുട്ടിലായി.
റദ്ദാക്കിയ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ബദൽ ഫ്ലൈറ്റുകൾ നൽകുകയും, മുഴുവൻ റീഫണ്ടുകളും നൽകുകയും ചെയ്തപ്പോൾ, വൈകിയ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ലഘുഭക്ഷണം മാത്രമാണ് നൽകിയതെന്ന് ഡിജിസിഎ വ്യക്തമാക്കി. എയർ ഇന്ത്യയുടെ വിമാന സർവീസുകൾ വൈകിയതിനെ തുടർന്ന് 24,635 യാത്രക്കാരെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറില്‍ 77.70 ലക്ഷം യാത്രക്കാരാണ് ഇന്‍ഡിഗോയില്‍ യാത്ര ചെയ്തത്. വിസ്താരയില്‍ 12.29 ലക്ഷം പേരും എയര്‍ ഇന്ത്യയില്‍ 11.97 ലക്ഷം പേരും യാത്ര ചെയ്തു. വിസ്താരയുടെ വിപണി വിഹിതം 10 ശതമാനവും എയര്‍ ഇന്ത്യയുടേത് 9.8 ശതമാനവുമാണ്.
Post Your Comments