കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിന്റെ പ്രവേശനകവാടമായ കുടയംപടിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം. പഞ്ചപാണ്ഡവർ വനവാസകാലത്ത് ദോഷനിവാരണത്തിനായി പ്രതിഷ്ഠിച്ച ശാസ്താ ക്ഷേത്രമാണിത്. പൂർണ, പുഷ്കല സമേതനായി ഒരേ പീഠത്തിൽ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്.
പാണ്ഡവരാൽ പ്രതിഷ്‌ഠിതമായ ക്ഷേത്രമുള്ളതിനാൽ ഈ ദേശത്തിനു പാണ്ഡവം എന്ന പേര് വന്നു എന്നാണു ഐതിഹ്യം. ശ്രീകോവിലിനു മുന്നിൽ ഒറ്റക്കൽ മണ്ഡപം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്.
കുടുംബദോഷ നിവാരണത്തിനും മംഗല്യസിദ്ധിക്കും ദൂരദേശങ്ങളിൽ നിന്നുപോലും ഭക്തർ ഈ ക്ഷേത്രത്തിൽ എത്തുന്നു. യുനെസ്കോയുടെ പൈതൃകപട്ടികയിൽ പെട്ട അപൂർവ ചുവർചിത്രങ്ങളുള്ള ഒരു ക്ഷേത്രവുമാണിത്. ഈ ചുവർചിത്രങ്ങൾ ചരിത്രാന്വേഷികള്‍ക്ക് ഇന്നും ഒരത്ഭുതമാണ്.
എല്ലാമാസവും ഉത്രം പൂജയും അന്നദാനവും ഇവിടെ വിശേഷമാണ്. ശനിയാഴ്ചകളിൽ ശനിദോഷ ശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും ശനീശ്വര പൂജ നടത്തിവരുന്നു.
Post Your Comments