തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളിൽ ഗുണപരമായ ബന്ധങ്ങൾ ഉറപ്പാക്കി യുവതലമുറയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി കേരളം മുന്നോട്ടുപോകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്കു കൂടുതൽ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സംസ്ഥാനത്തുതന്നെ സൃഷ്ടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 20-ാമത് ഗ്ലോബലിക്‌സ് രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവു പകരുന്നതിനുള്ള നവീന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ രാജ്യത്തും ലോകത്തും മികച്ച മാതൃകകൾ സൃഷ്ടിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങൾ, പുരോഗമന ആശയങ്ങൾ, കർഷകത്തൊഴിലാളികളുടേയും തൊഴിലാളികളുടേയും സമരങ്ങൾ, സാക്ഷരതാ ക്യാംപെയിൻ, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണ നടപടികൾ, ദാരിദ്ര്യ നിർമാർജന പരിപാടികൾ തുടങ്ങിയ ഇടപെടലുകളാണ് ഈ രീതിയിലേക്കു സംസ്ഥാനത്തെ വളർത്തിയത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകലിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണു കേരളം. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സൂചികകളിലും ഒന്നാമതാണ്. ദാരിദ്ര്യനിർമാർജനത്തിൽ സമാനതകളില്ലാത്ത പ്രകടനമാണു സംസ്ഥാനത്തിന്റേത്. രാജ്യത്തിനകത്തും പുറത്തും നൈപുണ്യമുള്ള വലിയൊരു മാനവവിഭവശേഷിക കേരളത്തിന്റേതാണ്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം ആഗോള അംഗീകാരം നേടിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള വിജ്ഞാന സമ്പദ് വ്യവസ്ഥയുമായി ചേരുന്നതിനുള്ള നൂതന ആശയങ്ങൾ സംസ്ഥാനം ഫലപ്രദമായി നടപ്പാക്കി വരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കാൻ കേരള ഫൈബർ ഒപ്റ്റിക്‌സ് നെറ്റ്‌വർക്ക് സ്ഥാപിച്ചു. സാമ്പത്തിക, പ്രാദേശിക, സാമൂഹിക തടസങ്ങളൊന്നുമില്ലാതെ എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ് എന്ന അവകാശം ഉറപ്പാക്കുന്നതാണ് ഈ പദ്ധതിയെന്ന് അദ്ദേഹം അറിയിച്ചു.
Read Also: വാട്സ്ആപ്പ് ബാങ്കിംഗ് സംവിധാനവുമായി എസ്ബിഐ, ഈ സേവനങ്ങളെക്കുറിച്ച് നിർബന്ധമായും അറിയൂ
Post Your Comments