Latest NewsInternational

ഹമാസ് ആക്രമണം: ഇസ്രയേലില്‍ സംഗീത പരിപാടി നടന്നിടത്ത് നിന്ന് 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, മരണം 700 കടന്നു

ടെല്‍ അവീവ്: ഇസ്രയേലില്‍ ശനിയാഴ്ച പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഹമാസ് ആദ്യം ലക്ഷ്യംവെച്ച സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് മാത്രം 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

നൂറു കണക്കിന് സൈനികരടക്കമുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. ഇതിനിടെ ഗാസയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച് പലസ്തീന്‍ ഹമാസിനുനേരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 400-ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രണ്ടായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാവിലെ ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ പ്രത്യാക്രമണം കടുപ്പിച്ചത്. ഇതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞതായാണ് വിവരം.

ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 74000 ത്തോളം പേര്‍ സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസയില്‍ 23 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആളുകളോട് ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button