തൈര് ഇഷ്ടമല്ലാത്ത ആളുകൾ നമ്മൾക്കിടയിൽ കുറവായിരിക്കും. പ്രത്യേകിച്ച് പുളി ഇഷ്ടപ്പെടുന്നവർ തൈര് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ മറ്റൊരു വിഭാഗമാകട്ടെ തൈരിനെ ഭക്ഷണത്തിൽ നന്നും അകറ്റി നിർത്തുന്നു. ഇതിന്റെ ഫലമാകട്ടെ പോഷകങ്ങളുടെ അഭാവവും. ദിവസേന കഴിച്ചാൽ വലിയ ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഭക്ഷ്യവസ്തുവാണ് തൈര്.
ദഹന പ്രശ്‌നങ്ങൾ ഉള്ളവർ തൈര് നിത്യേന കഴിക്കുന്നത് ഇതുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ ഇല്ലാതാക്കാൻ സഹായിക്കും. പ്രോബയോട്ടിക്‌സിനാൽ സമ്പുഷ്ടമാണ് തൈര്. മികച്ച ദഹനത്തിന് സഹായിക്കുന്ന ബിഫിഡോബാക്ടീരിയയും ലാക്ടോബാസിലസും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രത്താൽ ബുദ്ധിമുട്ടുന്നവർ തൈര് ശീലമാക്കുന്നത് വയറിലെ അസ്വസ്ഥതകൾ കുറയ്‌ക്കാൻ സഹായിക്കും.
പ്രോട്ടീൻ, കാത്സ്യം എന്നിവയാൽ സമ്പുഷ്ടമാണ് തൈര്. അതുകൊണ്ടുതന്നെ ശരീര ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു ശീലമാക്കാം. ശരീരത്തിലെ പെപ്‌റ്റൈഡ് വൈ, ജിഎൽപി -1 എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ തൈരിന് കഴിയും. നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇവയ്‌ക്ക് കഴിയും.
തൈര് കഴിക്കുന്നത് കൊഴുപ്പാണെന്ന ധാരണ ചിലരിൽ ഉണ്ട്. ഇക്കാരണത്താൽ തൈരിനെ അകറ്റിനിർത്തുന്നവർ അനവധിയാണ്. എന്നാൽ തൈര് ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമം ആണ് എന്നതാണ് വസ്തുത. രക്തസമ്മർദ്ദം കുറയ്‌ക്കാനും തൈര് സഹായിക്കുന്നു.
നിത്യേന തൈര് കഴിക്കുന്നവർക്ക് മികച്ച രോഗപ്രതിരോധ ശേഷിയായിരിക്കും ഉണ്ടാകുക. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോബയോടിക്കും, മഗ്നീഷ്യം, സിങ്ക്, സെലിനിയം എന്നീ ധാതുക്കളുമാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്
Post Your Comments