ന്യൂഡൽഹി: ഇടതു തീവ്ര സംഘങ്ങളെ രാജ്യത്തുനിന്നും തുടച്ചു നീക്കാൻ പ്രമേയം പാസാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ, മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് രണ്ട് വർഷത്തിനുള്ളിൽ ഇടതു തീവ്ര സംഘങ്ങളെ തുടച്ചു നീക്കാൻ പ്രമേയം പാസാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും സംസ്ഥാന സർക്കാരുകളുടെ സഹകരണവും കൂടിയായതോടെയാണ് ഇത് സാധ്യമായതെന്ന് അമിത് ഷാ പറഞ്ഞു. രണ്ട് വർഷം കൊണ്ട് ഇടത് തീവ്ര സംഘങ്ങളെ പൂർണമായും തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്. 2022ൽ ഇടത് തീവ്ര സംഘങ്ങളുടെ ആക്രമണങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന മരണങ്ങളും വളരെ കുറച്ചെന്നും അദ്ദേഹം കൂട്ടി ചേർത്തു.
‘‘നാല് ദശാബ്ദത്തിനിടെ ഏറ്റവും കുറവാണുണ്ടായത് 2022ലാണ്. ഇടത് തീവ്ര സംഘടനകളുണ്ടാക്കുന്ന ആക്രമണങ്ങൾ 52 ശതമാനവും മരണം 69 ശതമാനവും കുറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംഘടകൾക്ക് ലഭിക്കുന്ന പണത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ 195 ക്യാംപ് തുടങ്ങി. 44 എണ്ണം കൂടി ഉടൻ തുടങ്ങും. ഇത്തരം പ്രദേശങ്ങളിൽ റോഡ് നിർമാണം, ടെലി കമ്മ്യൂണിക്കേഷൻ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ കൂടുതൽ വികസനം നടത്തിവരുകയാണ്. പ്രശ്നബാധിത പ്രദേശങ്ങളിൽ 14,000 പുതിയ പദ്ധതികൾ ആരംഭിച്ചു. ഇതിൽ 80 ശതമാനം പൂർത്തിയാക്കി’’–അമിത് ഷാ പറഞ്ഞു.
Post Your Comments