കൊളറാഡോ: നഗരത്തില്‍ ഏറെ ദിവസമായി തുടരുന്ന ദുര്‍ഗന്ധത്തിന്റെ ഉറവിടം പരിശോധിക്കാനെത്തിയ പോലീസിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. നഗരത്തിലെ ഒരു ഫ്യൂണറല്‍ ഹോമില്‍ നിന്നും സഹിക്കാനാകാത്ത രീതിയില്‍ ദുര്‍ഗന്ധം ഉയരുന്നതായി പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയില്‍ അഴുകി ദ്രവിച്ച 115 മൃതദേഹങ്ങളാണ് പോലീസ് കണ്ടെത്തിയത്. സംസ്‌കാരത്തിനെത്തിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ ഇയാള്‍ സൂക്ഷിച്ച് വയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഫ്യൂണറല്‍ ഹോം ഉടമ ജോണ്‍ ഹാള്‍ഫോര്‍ഡിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഈ കെട്ടിടത്തിന്റെ പ്രവര്‍ത്തന അനുമതി തീര്‍ന്നതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ വസ്തുക്കളൊന്നും ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. കേസിനെ കുറിച്ച് വ്യക്തത വരുത്തിയ ശേഷം മാത്രമേ ജോണിനെ കസ്റ്റഡിയില്‍ എടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നും പോലീസ് വ്യക്തമാക്കി.
ജനാലകള്‍ ഉള്‍പ്പെടെ തകര്‍ന്ന് കിടന്നിരുന്ന കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് രൂക്ഷമായ ദുര്‍ഗന്ധം ഉയര്‍ന്നിരുന്നത്. കെട്ടിടത്തിനുള്ളിലെ കാഴ്ച ഭീതി ജനിപ്പിക്കുന്നതായിരുന്നുവെന്നാണ് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി എത്തിച്ച കുടുംബങ്ങളേയും പോലീസ് ബന്ധപ്പെട്ടു തുടങ്ങി.
Post Your Comments