Latest NewsIndiaNewsLife StyleDevotionalSpirituality

പെരിയ മരുതും ചിന്ന മരുതും പിന്നെ കുപ്പുമുത്തുവാശാരിയും-കാളീശ്വര ക്ഷേത്രത്തെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു ഐതീഹ്യം

പാണ്ഡ്യനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ കാളൈയാർ കോവിലിൽ സ്ഥിതി ചെയ്യുന്ന സ്വർണ്ണ കാളീശ്വര ക്ഷേത്രം. ചണ്ഡാസുര വധത്തിന് ശേഷം ബാധിച്ച ബ്രഹ്മഹത്യാ പാപം മൂലം കാളീദേവിയുടെ ശരീരം കറുത്ത നിറത്തിലായി. പാപം തീർക്കുന്നതിനായി ദേവിയെത്തിയത് ഈ കാളീശ്വര മഹാക്ഷേത്രത്തിലാണ്. ഇവിടത്തെ ശിവഗംഗ തീർത്ഥത്തിൽ മുങ്ങി നിവർന്നതോടെ, ദേവിയെ ബാധിച്ച ബ്രഹ്മഹത്യാപാപം നീങ്ങുകയും ശരീരം സ്വർണ്ണ നിറത്തിൽ ശോഭിക്കുകയും ചെയ്തുവെന്നാണ് കഥ.

മഹായോഗിയും ശൈവകവിയുമായ സുന്ദരർ ഒരിക്കൽ ഈ ക്ഷേത്രത്തിലെ ശിവനെ വണങ്ങാനെത്തി. എന്നാൽ, ക്ഷേത്രവളപ്പിലേക്ക് കടന്നതും, മൂലലിംഗത്തെ കൂടാതെ ഭൂമിക്കടിയിൽ മറഞ്ഞു കിടക്കുന്ന അതിശക്തമായ മഹാലിംഗങ്ങളെ സുന്ദരർ ആദ്യത്തെ ചുവടുവെപ്പിൽ തന്നെ തിരിച്ചറിഞ്ഞു. അവയ്ക്കു മുകളിൽ ചവിട്ടി നടക്കാൻ കഴിയാതെ പ്രതിസന്ധിയിലായ അദ്ദേഹം വിഷണ്ണനായി ഒരിടത്തുനിന്നു. ഈ സമയം, തന്റെ ഭക്തന്റെ ധർമ്മസങ്കടം തിരിച്ചറിഞ്ഞ കാരുണ്യവാനായ മഹാദേവൻ പുഞ്ചിരിക്കുകയായിരുന്നു.

ഉഗ്രമായ ഒരു ശബ്ദംകേട്ട് തലയുയർത്തി നോക്കിയ സുന്ദരർ കണ്ടത്, അസാമാന്യ വലിപ്പമുള്ള ഒരു കാള മുക്രയിട്ട് തന്റെ നേരെ കുതിച്ചു വരുന്നതാണ്.! പാഞ്ഞു വന്ന ആ കാളക്കൂറ്റൻ, സുന്ദരർക്ക് നേരെ തലതാഴ്ത്തി ഒന്ന് വണങ്ങിയ ശേഷം വേഗത കുറച്ച് സാവധാനം വളഞ്ഞും പുളഞ്ഞും ക്ഷേത്രത്തിനകത്തേക്ക് നടന്നു തുടങ്ങി. കാര്യം മനസ്സിലായ സുന്ദരർ പരമനെ സ്തുതിച്ചുകൊണ്ട് കാള ചവിട്ടിയ പാടുകളിലൂടെ പിന്തുടർന്നു. അങ്ങനെ, ഭൂഗർഭലിംഗങ്ങൾ ചവിട്ടാതെ അവയ്ക്കിടയിലുള്ള വഴിയിലൂടെ അദ്ദേഹം ക്ഷേത്രത്തിലെത്തി. സംതൃപ്തനായ സുന്ദരർ മഹാദേവനെ താണുവണങ്ങവേ, വഴികാട്ടിയായ ഋഷഭശ്രേഷ്ഠൻ ഒരൊറ്റ കുതിപ്പിന് ശ്രീകോവിലിനകത്തേക്ക് മറഞ്ഞു.

മഹർഷി ദുർവാസാവ് ദേവേന്ദ്രന് നൽകിയ പുഷ്പഹാരം വണ്ടുകളുടെ ശല്യം മൂലം ഐരാവതം നിലത്തിട്ട് ചവിട്ടിയരച്ചതും, തുടർന്ന് വൃദ്ധനായ മഹർഷി ജരാനരകൾ ബാധിക്കട്ടെയെന്ന് ദേവന്മാരെയും ഐരാവതത്തെയും ശപിച്ചതും നിങ്ങൾ കേട്ടു കാണുമല്ലോ. ദുഃഖിതനായ ഐരാവതം ഈ പുണ്യഭൂമിയിലെത്തുകയും, മണ്ണിൽ തന്റെ കൊമ്പുകളാഴ്ത്തി ഒരു തീർത്ഥം കുഴിക്കുകയും, ആ ജലത്താൽ മഹാദേവനെ അഭിഷേകം ചെയ്ത് ശാപമുക്തി നേടുകയും ചെയ്തുവെന്ന് മറ്റൊരൈതിഹ്യം കൂടിയുണ്ട്. ഐരാവതം കുഴിച്ച ആ പുണ്യ തീർത്ഥം ഒരിക്കലും വറ്റാത്ത കുളമായി ഗജപുഷ്കരിണിയെന്ന പേരിൽ ഇവിടെ സ്ഥിതി ചെയ്യുന്നു.

കാളീശ്വര ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ, ഒരു കഥ കൂടി പറയാനുണ്ട്…

പണ്ടുപണ്ട്, ന്ന്വച്ചാ ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം. ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്തിൽ ആയുധ പരിശീലനം നടത്തുകയാണ് രണ്ട് ജേഷ്ഠാനുജന്മാർ. ശിവഗംഗ ഭരിച്ചിരുന്ന അവരെ മരുത് സഹോദരങ്ങൾ എന്നായിരുന്നു ഏവരും വിളിച്ചിരുന്നത്. ചിന്നമരുത്, പെരിയ മരുത് എന്ന ഈ രണ്ടു പേരും തമ്മിൽ അഞ്ചു വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. കാളീശ്വര ശിവ ക്ഷേത്രത്തിലെ നിത്യസന്ദർശകരും മഹാദേവന്റെ പരമഭക്തരുമാണ് ജ്യേഷ്ഠനും അനുജനും. ക്ഷേത്രത്തിന്റെ ഇരുഭാഗങ്ങളിലായി ഇരുവരും പണികഴിപ്പിച്ച ഗോപുരങ്ങൾ കാലത്തെ അതിജീവിച്ച് ഇന്നും സ്ഥിതിചെയ്യുന്നു.

കഥയിലേക്ക് വരാം..

ഇരുവരും പുതുതായി വികസിപ്പിച്ചെടുത്ത ആയുധമായ വളരി പരീക്ഷിച്ചു നോക്കുകയായിരുന്നു. ആംഗലേയ ഭാഷയിലെ ‘വി’ എന്ന ഏകദേശ ആകൃതിയുള്ള ആ ആയുധം വേട്ടയ്ക്കുപയോഗിക്കുന്ന ബൂമറാങ്ങ് പോലെയുള്ള ഒന്നായിരുന്നു. ലോഹനിർമ്മിതമായ അവയ്ക്ക് മൂർച്ചയേറിയ അരികുകളാണുണ്ടായിരുന്നത്. ഒരു പ്രത്യേക രീതിയിൽ ചുഴറ്റിയെറിഞ്ഞാൽ, ഭ്രമണപഥത്തിലൂടെ അർദ്ധവൃത്താകൃതിയിൽ പ്രദക്ഷിണം ചെയ്ത് എറിഞ്ഞയാളുടെ തന്നെ കൈകളിൽ തിരിച്ചെത്തും വിധമായിരുന്നു ഇതിന്റെ പ്രവർത്തനം. കണ്ണും കയ്യും ഏകാഗ്രമാക്കി വീശിയെറിഞ്ഞാൽ, അകലെയുള്ള ശത്രുവിന്റെ തലതെറിപ്പിക്കാൻ വളരിയ്ക്കു സാധിക്കും. തിരിച്ചു സീൽക്കാരത്തോടെ കറങ്ങിത്തിരിഞ്ഞ് വരുന്ന വളരി, വേഷ്ടി വലിച്ചെടുക്കുന്ന ലാഘവത്തോടെ ഏട്ടൻ കയ്യിലൊതുക്കുന്നത് ചിന്ന മരുത് നോക്കി നിന്നു. വളരി പ്രയോഗിക്കുന്നതിൽ താനും മോശമല്ല. പക്ഷേ, ഇക്കാര്യത്തിൽ അദ്ദേഹത്തിനുള്ള വൈദഗ്ധ്യം തനിക്ക് സാധിക്കുന്നതിനും ചക്രവാളങ്ങൾക്കപ്പുറമാണ്. താനെറിഞ്ഞാൽ അതിന്റെ പത്തിലൊന്ന് ദൂരം പോവുകയില്ല. അത്ഭുതത്തോടെ അവനോർത്തു..

‘അനുജാ… ഈയിടെയായി ഞാൻ ആവർത്തിച്ചാവർത്തിച്ച് ഒരു സ്വപ്നം കാണുന്നു.!’ പെരിയ മരുത് പറഞ്ഞു.

“ഓഹോ..എന്താണത്?”

‘ചിന്നാ… അതൊരു രഥമായിരുന്നു. അസാധാരണ വലിപ്പമുള്ള ഒന്ന്! നമ്മുടെ കാളീശ്വരന് അത്തരമൊരു രഥം നിർമ്മിച്ചതായാണ് ഞാൻ സ്വപ്നം കണ്ടത്.’ ജേഷ്ഠൻ മറുപടി പറഞ്ഞു.

‘ഒന്നിലധികം തവണ കണ്ടെങ്കിൽ അത് പരമൻ അങ്ങനെയൊന്ന് ആഗ്രഹിക്കുന്നുവെന്നതിനുള്ള തെളിവാണ്.’ ആലോചനയോടെ ചിന്നൻ ജ്യേഷ്ഠനെ നോക്കി.

‘എനിക്കും തോന്നുന്നു. എന്നാലിനി വൈകണ്ട, പെരുംതച്ചൻ കുപ്പമുത്തുവാശാരിയെ പോയി കണ്ടു കാര്യങ്ങൾ ധരിപ്പിക്കണം. വൃദ്ധനാണെങ്കിലും, ഇത്തരം ജോലിക്ക് അയാളോളം യോഗ്യൻ ഈ മണ്ണിൽ വേറെയാരുമില്ല.’ പെരിയ മരുത് കൽപ്പിച്ചു.

‘കൽപ്പന പോലെ’

ആജ്ഞ ശിരസാ വഹിച്ച്, വളരി അരയിൽ തിരുകിയ ചിന്നൻ ഒരു കുതിപ്പിന് കുതിരപ്പുറത്തേറി. പെരിയ മരുത് നോക്കി നിൽക്കേ, പൊടിപടലങ്ങളുയർത്തിക്കൊണ്ട് കുതിച്ചുപാഞ്ഞ കുതിര സാവധാനം കാഴ്ചയിൽ നിന്നും മറഞ്ഞു. രാജകല്പന ലഭിച്ചപാടെ, താമസംവിനാ കുപ്പമുത്തുവാശാരി സദസ്സിലെത്തി. രാജാവിൽ നിന്നും കാര്യം ഗ്രഹിച്ച പാടെ അദ്ദേഹം സമ്മതമറിയിച്ചു. രഥം എങ്ങനെയിരിക്കണം, നീളം, വീതി, ഉയരം, ചിത്രപ്പണികൾ മുതലായവ അദ്ദേഹം രാജാവിൽ നിന്നും നേരിട്ട് ചോദിച്ചറിഞ്ഞു. അധികം വൈകാതെ കുപ്പമുത്തു രഥത്തിന്റെ നിർമ്മാണം ആരംഭിച്ചു. നിർമ്മാണമാരംഭിച്ച് കുറച്ചുകാലം പിന്നിട്ടു. അങ്ങനെയിരിക്കെ, ഒരു ദിവസം കുപ്പമുത്തുവാശാരി അപ്രതീക്ഷിതമായി രാജാവിനെ മുഖം കാണിക്കാനെത്തി. പെരിയ മരുതിനെ നേരിട്ടു കണ്ട അദ്ദേഹം തന്റെ ഒരു നിബന്ധന രാജാവിനെ അറിയിച്ചു.

‘എനിക്കൊരു നിബന്ധനയുണ്ട് രാജൻ. ഞാനൊരു കാര്യം ആവശ്യപ്പെടും, അതങ്ങ് സാധിച്ചു തരണം. അങ്ങനെ ചെയ്യാമെന്ന് വാക്കു തന്നാൽ മാത്രമേ ഞാൻ ഈ പണിയുമായി മുന്നോട്ടു പോകൂ.’

ദ്രാവിഡനാട്ടിലെ ഏറ്റവും വലിയ തച്ചന് വാക്കു കൊടുക്കാൻ പെരിയ മരുത് രണ്ടാമതൊന്ന് ആലോചിച്ചില്ല.

‘സമ്മതം.! രഥം നിർമ്മിച്ചു കഴിഞ്ഞാൽ തച്ചന് എന്തും ആവശ്യപ്പെടാം. ഈ വരുന്ന തൈപ്പൂയത്തിന് എനിക്ക് തേരിറക്കണം. പിന്നീട് നിങ്ങൾ ചോദിക്കുന്ന കാര്യം, അതെന്തു തന്നെയായാലും, നാമത് സാധിച്ചു തരും. കാളീശ്വരത്തെ പരമൻ സാക്ഷി’ ജ്യേഷ്ഠൻ മരുതിന്റെ ഘനഗംഭീര ശബ്ദം രാജസദസ്സിൽ മുഴങ്ങി.

കേൾവി കേട്ട പെരുംതച്ചന്റെ മുഖം തെളിഞ്ഞു. സന്തോഷത്തോടെ കുപ്പമുത്തുവാശാരി തിരിച്ചു പോയി. ഇലകൾ കൊഴിഞ്ഞു വീഴുന്നത് പോലെ ദിനങ്ങൾ അതിവേഗം കടന്നുപോയി. ഒടുവിൽ, രാജ്യമൊട്ടാകെ കാത്തിരുന്ന തൈപ്പൂയം വന്നെത്തി. വ്രതാനുഷ്ഠാനത്തോടെ കുളിച്ച് ശുദ്ധനായി കിരീടവും ഉടവാളുമേന്തി പെരിയ മരുതും ചിന്ന മരുതും ക്ഷേത്രത്തിലെത്തി. അന്നായിരുന്നു അവർ തേര് ആദ്യമായി കണ്ടത്. കുപ്പമുത്തുവാശാരി അങ്ങനെയാണ്. മാതൃക നൽകിക്കഴിഞ്ഞാൽ പിന്നീട് ഉടമസ്ഥനെ ആ ഭാഗത്ത് കാണാൻ പാടില്ല. പണി തീർന്നാൽ അറിയിക്കും, അന്നേരം വന്നുകാണാം. അതിനിനി രാജാവായാലും മാറ്റമില്ല.!

തേരിനെ മറച്ചിരുന്ന പന്തലിന്റെ തിരശ്ശീല സാവധാനം അനാവൃതമായി. പെയ്തിറങ്ങുന്ന ആത്മഹർഷത്തോടെ, രാജപ്രൗഢിയുള്ള പരമശിവന്റെ കൂറ്റൻ രഥം ചിന്ന മരുതും പെരിയ മരുതും കൺകുളിർക്കെ കണ്ടു.!

നാലുപാടുമുള്ള മരത്തിലെ ദേവനിർമ്മിതിയൊത്ത കൊത്തുപണികൾ കണ്ട് ആബാലവൃദ്ധം ജനങ്ങളും വായ് പൊളിച്ചു നിന്നു. അതിമനോഹരമായിരുന്നു പെരും തച്ചൻ മരത്തിൽ തീർത്ത ആ കവിത.!

തൊട്ടു തൊഴുതു കൊണ്ട് മഹാരാജൻ പെരിയ മരുത് രഥത്തിനു മുന്നിൽ മുകളിലായുള്ള ഇരിപ്പിടത്തിൽ കയറിയിരുന്നു.

‘തേരെടുക്കുവിൻ..!’ ചിന്ന മരുത് കൽപ്പിച്ചു.

അങ്ങനെ, ആ രാജ്യത്തെ ജനങ്ങളെല്ലാവരും ഭക്ത്യാദരങ്ങളോടെ ഒത്തുചേർന്ന് രഥം കെട്ടിയിരുന്ന വടം വലിച്ചു. പക്ഷേ, രഥം അണുവിട ചലിച്ചില്ല.!
ആശങ്കയോടെ പരസ്പരം ഒന്നു നോക്കിയതിനു ശേഷം എല്ലാവരും ഒത്തൊരുമിച്ച് വീണ്ടും ആഞ്ഞു വലിച്ചു. അപ്പോഴും രഥത്തിന് അനക്കമില്ലായിരുന്നു. മൂന്നും നാലും വട്ടം ശ്രമിച്ചിട്ടും ഫലം തഥൈവ.!

മഹാമല്ലന്മാർ വിയർത്തു കുളിച്ചത് മിച്ചം.

“ഇതെന്തത്ഭുതം..? ”

ആ നിമിഷമാണ് പെരിയ മരുതിന് താൻ തച്ചനു നൽകിയ വാക്ക് ഓർമ്മ വന്നത്. ശില്പിക്ക് പ്രതിഫലം നൽകാതെ നിർമിതി കൈപ്പറ്റാൻ ദൈവത്തിനു പോലും അവകാശമില്ല.. മരുത് ഓർത്തു.

‘ ആരവിടെ..!’
‘പെരുന്തച്ചനെ വിളിക്കുവിൻ.’ ഓടിയെത്തിയ സൈനികരോട് രാജാവ് കൽപ്പിച്ചു.

അപ്പോഴേക്കും ജനങ്ങൾക്കിടയിലൂടെ നിർവചിക്കാനാവാത്ത ഒരു ഭാവവുമായി പെരുംതച്ചൻ കുപ്പമുത്തുവാശാരി നടന്നു വരുന്നുണ്ടായിരുന്നു.
രഥത്തിന് സമീപമെത്തിയ അയാൾ രാജാവിനെ ഒന്നു നോക്കി. ശേഷം ഇപ്രകാരം പറഞ്ഞു.

‘ഞാനെന്റെ പ്രതിഫലം ആവശ്യപ്പെടാൻ വന്നതാണ്. പ്രതിഫലമായി മറ്റൊന്നും വേണ്ട, അങ്ങെനിക്ക് നൽകിയ വാക്ക് തന്നെ ധാരാളം.’ ഒന്നു നിർത്തിയ ശേഷം തച്ചൻ തുടർന്നു.

‘ഈയൊരു ദിവസം എനിക്ക് ശിവഗംഗയിലെ രാജാവാകണം. ഇതാണ് എന്റെ ആഗ്രഹം.!’

വെള്ളടി പോലെയാണ് തച്ചന്റെ വാക്കുകൾ പെരിയ മരുതിന്റെ കാതുകളിൽ പതിച്ചത്. അറിയാതെ അദ്ദേഹം നെഞ്ചിൽ കൈവച്ചു പോയി.

‘എന്തു ചെയ്യും..?? കൊടുത്ത വാക്കാണ്.. പ്രാണൻ പോയാലും പാലിക്കാതെ തരമില്ല.!

‘എടാ…!!’

അലർച്ച കേട്ട് തിരിഞ്ഞു നോക്കിയ മഹാരാജൻ കണ്ടത് വാൾ വലിച്ചൂരുന്ന ചിന്ന മരുതിനെയാണ്. കണ്ണുകൾ ചുവന്ന് തീക്കട്ടയ്ക്ക് സമാനമായി ജ്വലിക്കുന്നു..! അലറിക്കൊണ്ടവൻ സംഹാരരുദ്രനെപ്പോലെ ഊരിയ വാളുമായി തച്ചനു നേരെ കുതിച്ചു.

‘ചിന്നാ.. തൊടരുതയാളെ!’

താക്കീതിന്റെ ധ്വനിയോടെ ചിന്ന മരുതിന്റെ ശബ്ദമുയർന്നു! പിടിച്ചുനിർത്തിയതു പോലെ ചിന്നമരുത് നിന്നു. അവന് ആ കിളവനെ കഷണം കഷണമായി വെട്ടി നുറുക്കണം എന്നുണ്ടായിരുന്നു. പക്ഷേ, ജ്യേഷ്ഠനാണെങ്കിലും രാജാവാണ്. രാജകല്പനയാണ്. അനുസരിക്കാതെ വയ്യ. ജനങ്ങളിൽ നിന്നും ആശ്ചര്യവും അദ്ഭുതവും ഇടകലർന്ന സ്വരങ്ങളുയർന്നു. ഇത്രയ്ക്ക് ദുരാഗ്രഹിയായിരുന്നോ പെരും തച്ചൻ എന്ന് പേരുകേട്ട കുപ്പമുത്തുവാശാരി..? പിറുപിറുക്കലുകൾ പ്രതിഷേധങ്ങളായി മാറി. ജനങ്ങൾ അയാളെ ശാപവാക്കുകൾ കൊണ്ട് ചൊരിഞ്ഞു. എന്നാൽ, തച്ചന് തെല്ലും കൂസലില്ലായിരുന്നു.

‘അങ്ങ് എന്തു പറയുന്നു. വാക്കു പാലിക്കുന്നുവോ ഇല്ലയോ..?’

പരിഹാസച്ഛവിയുള്ള ചോദ്യം പെരിയ മരുതിന്റെ ആത്മഭിമാനത്തിലാണ്, ധർമ്മത്തിലാണ് പതിച്ചത്.

‘ സമ്മതം.!”

സമസ്ത വികാരങ്ങളും ധർമ്മത്തിന് മുന്നിൽ അടിയറവു വച്ച് നീതിമാനായ ആ രാജാവ് പറഞ്ഞു.

‘എങ്കിലിങ്ങിറങ്ങണം, എന്നിട്ട് ആ കിരീടമെനിക്ക് തരണം. കാരണം, രാജാവിരിക്കേണ്ട ആ ഇരിപ്പിടത്തിൽ ഇന്നിരിക്കേണ്ടത് ഞാനാണ്.’ പെരിയ മരുതിനെ നോക്കി താഴെയിറങ്ങാൻ വിരൽ ചൂണ്ടി തച്ചൻ കല്പിച്ചു.

ഒരക്ഷരം മറുത്തുരിയാടാതെ രഥം വിട്ടിറങ്ങി വന്നു, ധർമിഷ്ഠനായ മരുത്.

‘ഉം.. ആ കിരീടം നമ്മുടെ ശിരസ്സിലേക്ക് വയ്ക്കണം.’ തച്ചൻ കൽപ്പിച്ചു.

ശിവഗംഗയുടെ പ്രാണരക്ഷ ചെയ്യുന്ന ആ കിരീടം മറ്റൊരു ശിരസ്സിലേക്ക് വയ്ക്കുമ്പോൾ മാത്രം ആ രാജാവിന്റെ വിരലുകളൊന്ന് വിറച്ചു..

‘ഇനിയങ്ങോട്ട് മാറിനിൽക്ക്..! എന്റെ രഥത്തിൽ തൊട്ടുപോകരുത്.’

കിരീടം ധരിച്ച പുതിയ രാജാവ് കൽപ്പിച്ചു. അനുസരണയോടെ പെരിയ മരുത് മാറിനിന്നു. കിരീടം വച്ച് അഹങ്കാരത്തോടെ രഥത്തിലേക്ക് കയറുന്ന വഴിയ്ക്ക്, ചക്രത്തിന് സമീപം ഘടിപ്പിച്ചിരുന്നൊരു മരക്കഷണം തച്ചൻ വിദഗ്ധമായി ഊരിയെടുത്ത് കയ്യിലൊതുക്കിയത് മാത്രം ആരുടെയും കണ്ണിൽപ്പെട്ടില്ല.! പടികളുടെ കൈവരിയിൽ പിടിച്ച് രഥത്തിലേറിയ തച്ചൻ രാജാവ് ഗമയോടെ ഇരിപ്പിടത്തിലമർന്നു.

‘നോക്കിനിൽക്കാതെ നമ്മുടെ തേര് വലിയ്ക്ക്.!’ അഹങ്കാരത്തോടെ തച്ചൻ പെരിയ മരുതിനോടും ചിന്ന മരുതിനോടും കൽപ്പിച്ചു. രക്തം തിളച്ചു പൊന്തിയെങ്കിലും, ദേഷ്യം കടിച്ചമർത്തി വടം കയ്യിലെടുത്ത ചിന്ന മരുത് ഉഗ്രകോപത്തോടെ ദൂരെയുള്ള കാളീശ്വര ക്ഷേത്രത്തിലേക്ക് ഒന്നു നോക്കി.
രഥം ഉരുണ്ടു തുടങ്ങി…

‘പോരാ പോരാ.. വേഗത പോരാ. മല്ലന്മാരെ പോലെ ശരീരമുണ്ടായിട്ട് കാര്യമില്ല, പണിയെടുത്ത് ശീലമുണ്ടാകണം. ഇല്ലെങ്കിൽ തേരനങ്ങില്ല. ആഞ്ഞു വലിക്കെടാ നായ്ക്കളെ..!”

അധികാര ഗർവ്വിൽ കണ്ണുകാണാതായ തച്ചൻ പുലമ്പി. കോപം കൊണ്ട് കണ്ണു കാണാതായ ചിന്നമരുതിനെ ഒരു നോട്ടം കൊണ്ട് പെരിയ മരുത് അടക്കി. തച്ചനോടുള്ള സകല ദേഷ്യവും കൈകളിലേക്ക് ആവാഹിച്ച് ജേഷ്ഠാനുജന്മാർ വടം ആഞ്ഞുവലിച്ചു. രഥത്തിന് വേഗതയേറി..! തങ്ങളുടെ രാജാവിന്റെ കഷ്ടതയിൽ മനസ്സു നൊന്ത കൊട്ടാരം മല്ലന്മാർ കൂടി ആഞ്ഞുവലിച്ചു തുടങ്ങിയതോടെ തേര് കുതിച്ചു പാഞ്ഞു. പെട്ടെന്നാണത് സംഭവിച്ചത്…

ചെറിയൊരു കുഴിയിൽ ചക്രം ഇറങ്ങിക്കയറിയതോടെ തച്ചൻ രാജാവ് കുപ്പമുത്തു, ഇരിപ്പിടത്തിൽ നിന്നും തെറിച്ചു രഥത്തിനു മുന്നിൽ വീണു.
കൃത്യം അയാളുടെ നെഞ്ചിലൂടെ രഥത്തിന്റെ കൂറ്റൻ ചക്രം കയറിയിറങ്ങി..!!

ഒരു അലർച്ച മാത്രമേ പൊടിപടലങ്ങൾക്കിടയിൽ എല്ലാവരും കേട്ടുള്ളൂ. ആ കാഴ്ച കാണാൻ കരുത്തില്ലാതെ സ്ത്രീകൾ അലറിക്കരഞ്ഞു.
നെഞ്ചിൻ കൂടു തകർന്നു പിടയുന്ന തച്ചനെ സർവ്വതും മറന്ന് ആദ്യം വാരിയെടുത്ത് മടിയിൽ കിടത്തിയത് പെരിയ മരുതാണ്. രാജനോട് എന്തോ പറയാൻ തച്ചൻ വായ തുറന്നുവെങ്കിലും പുറത്തേക്കു വന്നത് കട്ടച്ചോരയായിരുന്നു. പ്രാണൻ പോകുന്ന വേദനയിൽ തച്ചൻ രാജാവിനെ മുറുകെ പിടിച്ചു.

‘വീട്ടിലെ ബലിക്കല്ല്.. ഓ.. ല’

അത്രയേ അയാൾക്ക് പറയാൻ സാധിച്ചുള്ളൂ. അപ്പോഴേക്കും പ്രാണൻ ആ ശരീരം വിട്ടു പോയിരുന്നു..!

ഒന്ന് ശങ്കിച്ചു നിന്നശേഷം ചിന്ന മരുത് തച്ചന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു. അവിടെ, ബലിക്കല്ലിൽ ഒരു ഓലച്ചുരുൾ അദ്ദേഹത്തെയും കാത്തിരിപ്പുണ്ടായിരുന്നു. അല്പനേരത്തിനുള്ളിൽ രഥത്തിനു സമീപം തിരിച്ചെത്തിയ അദ്ദേഹം ജനക്കൂട്ടത്തെ സാക്ഷിയാക്കി ആ ചുരുൾ നിവർത്തി വായിച്ചു.

‘എന്റെ പ്രിയപ്പെട്ട രാജാധിരാജൻ പെരിയ മരുതിന്റെ അറിവിലേക്കായി തച്ചൻ കുപ്പമുത്തു. മഹാരാജാവേ, അങ്ങ് ഈ ചുരുൾ വായിക്കുന്ന നിമിഷം ഞാൻ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ല. രഥം നിർമ്മിക്കാനുള്ള അങ്ങയുടെ ആജ്ഞയനുസരിച്ച് പണി തുടങ്ങി കുറച്ചു നാൾക്കകം ഞാൻ തിരികെ വന്നത് ഓർമ്മയുണ്ടോ.? അതിനൊരു കാരണമുണ്ടെന്നറിയുക. രഥത്തിലെ പ്രഥമ നിർമ്മിതിയായ ഗണേശ വിഗ്രഹം നിർമ്മിക്കവേ അതിന്റെ തുമ്പിക്കൈ ഒടിഞ്ഞു പോയി. രണ്ടാം വട്ടം നിർമ്മിച്ചപ്പോഴും അതുതന്നെ സംഭവിച്ചു. എന്നാൽ, മൂന്നാം വട്ടവുമിത് ആവർത്തിച്ചതോടെ, ഇതൊരു യാദൃശ്ചികതയായി കണക്കാക്കാൻ എന്നിലെ ദീർഘകാല പ്രവർത്തിപരിചയം അനുവദിച്ചില്ല. ഇങ്ങനെ സംഭവിക്കാനുള്ള കാരണമന്വേഷിച്ച് പിന്നീടുള്ള ദിനരാത്രങ്ങൾ ശില്പശാസ്ത്രത്തിന്റെയും ജ്യോതിഷ ശാസ്ത്രത്തിന്റെയും ഗ്രന്ഥങ്ങൾ അരിച്ചുപെറുക്കിയ ഞാൻ മനസ്സിലാക്കിയത് ഈ രഥത്തിന്റെ കന്നിയോട്ട ദിവസം, ഈ രഥം മൂലം തന്നെ മഹാരാജാവ് മരണപ്പെടുമെന്ന അനിവാര്യമായ വിധിയാണ്.!

ജീവിച്ചു തീർത്ത പുരുഷായുസ്സിൽ നേടിയ സമസ്ത ബന്ധങ്ങളും ഉപയോഗിച്ച് ഞാൻ പ്രതിവിധി തേടിയെങ്കിലും, ഇത് അനിവാര്യമായ ഒരു വിപത്താണെന്നാണ് എനിക്ക് ലഭിച്ച മറുപടികൾ വ്യക്തമാക്കിയത്. പിന്നീട് ഞാൻ കണ്ടെത്തിയ ഒരേയൊരു വഴിയെന്താണെന്ന് അങ്ങ് ഇതിനകം മനസ്സിലാക്കിയിരിക്കും. ഞാനൊരു വൃദ്ധനായ ശില്പിയാണ്, ജീവിതം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ജീവിച്ചു തീർത്തവൻ. അങ്ങ് ജീവിതം ആരംഭിച്ചിട്ടേയുള്ളൂ. ധർമ്മിഷ്ഠനായ രാജാവിന് വേണ്ടി ജീവത്യാഗം ചെയ്യുന്നവന്റെ മുന്നിൽ ചോദ്യങ്ങളില്ലാതെ സ്വർഗ്ഗത്തിലെ വാതിലുകൾ തുറക്കപ്പെടും. അതുകൊണ്ട് എന്നെ ഓർത്ത് വിഷമിക്കാതിരിക്കുക. ശിവഗംഗയ്ക്കും ഈ നാട്ടിലെ പ്രജകൾക്കും അങ്ങയെ ആവശ്യമുണ്ട്. അങ്ങയെ തെറ്റിദ്ധരിപ്പിക്കേണ്ടി വന്നതിനും വേദനിപ്പിച്ചതിനും ക്ഷമാപണം നടത്തുന്നു. മഹാരാജൻ വാഴട്ടും , സമ്പദ്സമൃദ്ധമാമെൻ ശിവഗംഗ വാഴട്ടും.!
പെരും തച്ചൻ കുപ്പുമുത്തുവാശാരി’.

സജലങ്ങളായ മിഴികളോടെ ചിന്ന മരുത് ഓല വായിച്ചു തീർത്തതും കാളീശ്വര ക്ഷേത്രത്തിലെ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.

പദ്മസംഭവ

shortlink

Post Your Comments


Back to top button