സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെസ്റ്റോറന്റുകൾക്ക് കോടികളുടെ ധനസഹായം നൽകി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റെസ്റ്റോറന്റ് ഉടമകൾക്ക് കോടികളുടെ വായ്പയാണ് സ്വിഗ്ഗി ഇതുവരെ അനുവദിച്ചിരിക്കുന്നത്. ക്യാപിറ്റൽ അസിസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നീക്കം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ 8,000-ലധികം റെസ്റ്റോറന്റ് ഉടമകൾക്ക് 450 കോടി രൂപയുടെ വായ്പയാണ് സ്വിഗ്ഗി നൽകിയിരിക്കുന്നത്. 2022ൽ മാത്രം 3,000 റെസ്റ്റോറന്റുകളാണ് വായ്പയെടുത്തത്. ഇതിനുപുറമേ, റെസ്റ്റോറന്റുകൾക്ക് ടേം ലോണുകളും, ക്രെഡിറ്റ് ലൈനുകളും ഉൾപ്പെടെ നിരവധി സാമ്പത്തിക ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
2017-ലാണ് സ്വിഗ്ഗി ക്യാപിറ്റൽ അസിസ്റ്റ് പ്രോഗ്രാമിന് തുടക്കമിടുന്നത്. റെസ്റ്റോറന്റ് ഉടമകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും, കൂടുതൽ ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് സ്വിഗ്ഗി ക്യാപിറ്റൽ അസിസ്റ്റ് പ്രോഗ്രാമിന് തുടക്കമിട്ടത്. ഇൻഡിഫി, ഇൻക്രെഡ്, എഫ്ടി കാഷ്, പേയു ഫിനാൻസ് എന്നിവ ഉൾപ്പെടെ ഒന്നിലധികം വായ്പ പങ്കാളികളുമായി സഹകരിച്ചാണ് സ്വിഗ്ഗി ടേം ലോണുകളും, ക്രെഡിറ്റ് ലൈനുകളും പോലെയുള്ള സാമ്പത്തിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഇൻസ്റ്റന്റ് വായ്പ മുതൽ വലിയ വായ്പ വരെ നൽകുന്നുണ്ട്.
Post Your Comments