KeralaLatest NewsNews

കൊള്ളക്കാരെയും കൊള്ളമുതൽ വീതംവെച്ചവരെയും സിപിഎം സംരക്ഷിക്കുന്നു: നിക്ഷേപകർക്കെല്ലാം പണം മടക്കി നൽകണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സിപിഎം നേതാക്കൾ കൊള്ളയടിച്ച കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരിൽ ഒരാൾക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവർത്തിക്കുന്നത് കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അമ്പതിനായിരത്തിൽ താഴെ നിക്ഷേപമുള്ളവർക്ക് അത് മടക്കി നൽകുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവർക്ക് അമ്പതിനായിരം രൂപ തൽക്കാലം നൽകുമെന്നുമാണ് സഹകരണമന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം സ്ഥലം വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതിവച്ചതും വിരമിച്ചപ്പോൾ കിട്ടിയതുമായ ലക്ഷങ്ങൾ നിക്ഷേപിച്ച് സർവതും നഷ്ടമായവരുടെ പണം എങ്ങനെ മടക്കി നൽകുമെന്ന് സഹകരണ മന്ത്രിയോ സർക്കാരോ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് ആവർത്തിക്കുന്നത് പൊതുസമൂഹത്തോടുള്ള പരിഹാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി: സംഭവം തിരുവനന്തപുരത്ത്

കരുവന്നൂരിൽ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നാണ് സഹകരണമന്ത്രിയുടെ വാക്കുകൾ കേട്ടാൽ തോന്നുക. കൊള്ളയ്ക്ക് കുട പിടിക്കുന്നവരും കൊള്ളമുതൽ വീതം വച്ചവരെ സംരക്ഷിക്കുന്നവരും ആയി സർക്കാരും സിപിഎമ്മും മാറി. കരുവന്നൂരിൽ 300 കോടിയെങ്കിലും കൊള്ളയടിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ട്. സർവതും നഷ്ടപ്പെട്ട നിക്ഷേപർക്കെല്ലാം അവരുടെ പണം മടക്കി നൽകാനുള്ള നടപടിയാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണക്കേസുമായി പരസ്പരബന്ധമുണ്ടെന്ന അനിൽ അക്കരയുടെ ആരോപണം അതീവ ഗൗരവതരമാണ്. കൊടകര കുഴൽപ്പണക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചുള്ള ഒത്തുതീർപ്പ് സംബന്ധിച്ചാണ് മുഖ്യമന്ത്രിയുമായി എം കെ കണ്ണൻ ചർച്ച നടത്തിയതെന്നും അനിൽ അക്കര ആരോപിച്ചിട്ടുണ്ട്. തൃശൂരിലെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും പിന്നിലെ സിപിഎം ബിജെപി ബന്ധവും പുറത്ത് വരേണ്ടതുണ്ട്. ഇതെല്ലാം വിശദമായി അന്വേഷിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: പ്രീമിയം ലാപ്ടോപ്പ് ശ്രേണിയിൽ സാന്നിധ്യമാകാൻ ഗൂഗിൾ, ക്രോംബുക്ക് പ്ലസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button