ഉജ്ജയിന്‍: മധ്യപ്രദേശില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഭരത് സോണിയുടെ വീട് പൊളിക്കാനൊരുങ്ങി ഉജ്ജയിന്‍ മുനിസിപല്‍ കോര്പ്പറേഷന്. സര്‍ക്കാര്‍ ഭൂമിയിലാണ് വീട് നിര്‍മിച്ചത് എന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ഭരത് സോണിയുടെ കുടുംബം വര്‍ഷങ്ങളായി ഈ വീട്ടിലാണ് താമസിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയിലെ കെട്ടിടമായതിനാല്‍ പൊളിക്കുന്നതിന് മുന്‍കൂട്ടി നോട്ടീസ് നല്‍കേണ്ടതില്ലെന്ന് മുനിസിപല്‍ കമീഷണര്‍ റോഷന് സിങ് പറഞ്ഞു. പൊലീസുമായി ചേര്‍ന്ന് ബുധനാഴ്ചയോടെ നടപടി ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബര്‍ 26നാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി അര്‍ധ നഗ്നയായി ചോരയൊലിച്ച് സഹായത്തിനായി വീടുകളുടെ വാതിലുകള്‍ മുട്ടി അലയുന്ന ദൃശ്യം പുറത്ത് വന്നത്. വൈദ്യപരിശോധനയില്‍ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
അതേസമയം കുട്ടിയോട് ക്രൂരതകാട്ടിയ തന്റെ മകന് വധശിക്ഷ നല്‍കണമെന്നാണ് ഭരത് സോണിയുടെ പിതാവ് രാജുസോണി പ്രതികരിച്ചത്.
Post Your Comments