കൊച്ചി: കൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാൻ എറണാകുളം ജനറൽ ആശുപത്രിയുടെ കാൻസർ ബ്ലോക്കിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പ്രധാനപ്പെട്ടതും പഴക്കമുള്ളതും മികച്ച ചികിത്സ സംവിധാനങ്ങളുമുള്ളതാണ് എറണാകുളം ജനറൽ ആശുപത്രി. ഇവിടെയാണ് ആദ്യമായി എൻ.എ.ബി.എച്ച്, എൻ.ക്യൂ.എ.എസ് അക്രഡിറ്റേഷൻ ലഭിച്ചത്. പൊതുജനാരോഗ്യ കേന്ദ്രം എന്ന നിലയ്ക്ക് മികവിന്റെ കേന്ദ്രമായി നേരത്തെ തന്നെ എറണാകുളം ജനറൽ ആശുപത്രി മാറിക്കഴിഞ്ഞു. പല തരത്തിൽ ഖ്യാതി നേരത്തെ തന്നെ നേടി. എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഈ മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒട്ടുമിക്ക സ്പെഷാലിറ്റി സൗകര്യങ്ങളും ലഭ്യമായിട്ടുള്ള ആശുപത്രിയാണ് ഇത്. അതിന് പുറമെയാണ് ഫലപ്രദമായ കാൻസർ ചികിത്സയ്ക്കായി പുതിയ സ്പെഷാലിറ്റി ബ്ലോക്ക് ആരംഭിച്ചിരിക്കുന്നത്. ഒരു ജനറൽ ആശുപത്രിയിൽ 100 കാൻസർ രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്നത് വലിയ നേട്ടമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക്യക വാർഡുകൾ, കാൻസർ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞാൽ അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയു എന്നിങ്ങനെ എല്ലാ ആധുനിക സജ്ജീകരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീവസ് കോർപറേഷൻ ലിമിറ്റഡുമായി ചേർന്നാണ് ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments