കരുവന്നൂരിനെ സഹായിക്കാന്‍ വേണ്ടി കേരള ബാങ്കിനെ ആരും സമീപിച്ചിട്ടില്ലെന്നും എന്നാൽ, പാർട്ടി പറയുന്നത് എന്താണെങ്കിലും അത് നടപ്പാക്കുമെന്നും പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. അങ്ങനെ ചെയ്‌താൽ തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്ന് അദ്ദേഹം ഗോപിക്ക് മുന്നറിയിപ്പ് നൽകി.
‘റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ നിയമപരമായ ബാധ്യതയുള്ള കേരള സ്റ്റേറ്റ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ( അൽ ഖേരള ബാങ്ക്) പ്രസിഡണ്ടാണ് റിസർവ് ബാങ്ക് എതിർപ്പൊന്നും പ്രശ്നമല്ല പാർട്ടി പറഞ്ഞാൽ എന്തും നടപ്പാക്കും എന്ന് പറയുന്നത്. അയിന് ഗോപി പുളിക്കും. തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും. ചന്ദ കൊച്ചാറിനോളം വരില്ല ഗോപി കോട്ടമുറിക്കൽ’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, കരുവന്നൂര്‍ ബാങ്കിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്ക് സഹായിക്കുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഗോപി വിശദീകരണവുമായി രംഗത്തെത്തിയത്. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് നബാര്‍ഡോ റിസര്‍വ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുന്ന കാര്യം 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി.
Post Your Comments