തിരുവനന്തപുരം: തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള കളമൊരുക്കലാണ് കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലോകസഭയിലേക്ക് സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കിയാണ് നാളെ പദയാത്ര നടത്തുന്നതെന്നും ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്ക് ബി.ജെ.പി എന്തിനാണ് പദയാത്ര നടത്തുന്നതെന്നും ഗോവിന്ദന്‍ ചോദിച്ചു.
കേരളത്തിന്റെ സഹകരണ മേഖലയെ എങ്ങനെ തകര്‍ക്കാമെന്നാണ് ഇ.ഡി നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കളെ തുറങ്കിലടക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു അനുവദിക്കാനാവില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാര്‍ട്ടിക്കുമെതിരെ വലിയ രീതിയിലുള്ള കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു.
‘പാര്‍ട്ടിക്കെതിരായ മാധ്യമ വേട്ട അനുദിനം വര്‍ധിച്ചുവരികയാണ്. മാധ്യമ വേട്ടയ്ക്ക് ഒപ്പം നില്‍ക്കുകയാണ് ഇഡി. പ്രതിപക്ഷ വേട്ടയ്ക്ക് പിന്നില്‍ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അറുപിന്തിരിപ്പന്‍ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്’, എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഈ അക്രമങ്ങളെ നേരിടാന്‍ കോടിയേരി ഇല്ലല്ലോ എന്ന തീരാ ദുഃഖമാണ് പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്നത്. സങ്കീര്‍ണമായ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനും വ്യക്തമായ ദിശാബോധത്തോടെ മുന്നോട്ടുപോകാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.
Post Your Comments