നടൻ സിദ്ധാർത്ഥിനെ അടുത്തിടെ ബംഗളൂരുവിൽ തന്റെ ‘ചിക്കു’ എന്ന സിനിമയുടെ പ്രൊമോഷൻ നടത്തുന്നതിനിടെ പ്രതിഷേധക്കാർ അദ്ദേഹത്തെ ഇറക്കിവിട്ടിരുന്നു. പരിപാടി റദ്ദാക്കിയത് നിരാശാജനകമാണെന്ന് താരം പറയുന്നു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കവുമായി തന്റെ സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്ന് വാദിച്ച സിദ്ധാർത്ഥ്, സംഭവം നിർമ്മാതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കി എന്നും പറഞ്ഞു. തമിഴ്‌നാടുമായി കാവേരി നദീജല തർക്കം നിലനിൽക്കുന്നതിനാൽ പ്രതിഷേധക്കാർ സിനിമ പ്രൊമോഷൻ പരിപാടി തടസ്സപ്പെടുത്തുകയും റദ്ദാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. താരത്തെ വേദിയിൽ നിന്നും ഇറക്കിവിടുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ, അപമാന ഭാരത്താൽ വേദിയിൽ നിന്നും ഇറങ്ങുന്ന നടന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തു.
‘ഇന്നലെ ബെംഗളൂരുവിൽ ഒരു സംഭവമുണ്ടായി. അതിന്റെ പിന്നാമ്പുറക്കഥ എന്തെന്നാൽ, ഒരു നിർമ്മാതാവ് എന്ന നിലയിൽ, സിനിമയുടെ തിയറ്റർ റിലീസിന് മുന്നോടിയായി ഞാൻ എന്റെ സിനിമ പലർക്കും പ്രദർശിപ്പിക്കുന്നത് ഇതാദ്യമാണ്. ചെന്നൈയിലും കൊച്ചിയിലും മാധ്യമങ്ങളെ കാണിച്ചു. ബെംഗളൂരുവിലും ഇത്തരമൊരു പ്രദർശനത്തിന് പദ്ധതിയുണ്ടായിരുന്നു. റിലീസിന് മുന്നോടിയായി ഏകദേശം 2000 വിദ്യാർത്ഥികളെ ചിത്രം കാണിക്കാൻ എനിക്ക് പദ്ധതിയുണ്ടായിരുന്നു. ഇതുവരെ ആരും അത് ചെയ്തിട്ടില്ല. അന്ന് രാത്രി കന്നഡ താരങ്ങൾക്കായി ചിത്രം പ്രദർശിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ ബന്ദിനോടുള്ള ആദരസൂചകമായി ഞങ്ങൾ എല്ലാം റദ്ദാക്കി. ഞങ്ങൾക്ക് വലിയ നഷ്ടം സംഭവിച്ചു, എന്നാൽ അതിനപ്പുറം, അവിടെയുള്ള ആളുകളുമായി ഒരു നല്ല സിനിമ പങ്കിടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നത് നിരാശാജനകമാണ്’, ഇൻസ്റ്റാഗ്രാം ലൈവിൽ സംസാരിക്കുകയായിരുന്നു താരം.
‘അഭിമുഖത്തിന് ശേഷം മാധ്യമങ്ങൾ സിനിമ കാണേണ്ടതായിരുന്നു. പക്ഷേ അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ എല്ലാവരും കണ്ടു. പല ക്യാമറകൾക്കും മുന്നിൽ വച്ചാണ് സംഭവം. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോൾ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി ഒന്നും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമയും പ്രശ്നവും തമ്മിൽ ഒരു ബന്ധവുമില്ല. പണം മുടക്കി ഞാൻ നിർമ്മിക്കുന്ന സിനിമകളിൽ എന്റെ സാമൂഹിക ഉത്തരവാദിത്തം വെളിപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു’, താരം കൂട്ടിച്ചേർത്തു.
Post Your Comments