ഒരു വർഷം മുൻപ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചതായി പരാതി. ഉത്തർപ്രദേശിലെ മൊറാബാദ് സ്വദേശിയായ അൽക പഥക് എന്ന സ്ത്രീയാണ് മകളുടെ വിവാഹത്തിനായി സ്വരൂപിച്ച 18 ലക്ഷം രൂപ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലാണ് സംഭവം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 18 ലക്ഷം രൂപ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചത്. ലോക്കർ എഗ്രിമെന്റ് പുതുക്കുന്നതിനായി ഇവരെ ബാങ്ക് ജീവനക്കാർ ബന്ധപ്പെടുകയും, കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബ്രാഞ്ചിൽ എത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. ബാങ്കിൽ എത്തിയ ഇവർ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് 18 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ചിതലരിച്ച നിലയിൽ കാണപ്പെട്ടത്.
കറൻസി നോട്ടുകൾ ചിതലരിച്ചതോടെ വിഷയം വിവാദമാവുകയും, ബാങ്ക് ഓഫ് ബറോഡ ഇത് സംബന്ധിച്ച് റിപ്പോർട്ട് അധികൃതർക്ക് സമർപ്പിച്ചിട്ടുമുണ്ട്. എന്നാൽ, സ്ത്രീക്ക് നഷ്ടപരിഹാരം ലഭിച്ചേക്കില്ല എന്നാണ് ബാങ്ക് അധികൃതരുടെ വാദം. റിസർവ് ബാങ്കിന്റെ നിയമ പ്രകാരം, ബാങ്ക് ലോക്കറുകളിൽ പണം സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് മാത്രമാണ് ലോക്കർ ഉപയോഗിക്കേണ്ടതെന്നും, പണമോ കറൻസിയോ സൂക്ഷിക്കാൻ വേണ്ടിയല്ലെന്നും ബാങ്ക് ഓഫ് ബറോഡ ലോക്കർ കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറവാണ്.
Also Read: ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
Post Your Comments