Latest NewsKeralaNews

സമാനതകളില്ലാത്ത കാർഷിക ശാസ്ത്രജ്ഞൻ: എം എസ് സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാൻ ആഗ്രഹിച്ച് മൗലികമായ കാർഷികശാസ്ത്ര സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കുവാനായി ജീവിതം തന്നെ സമർപ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര പ്രശ്‌സ്തനായ കാർഷിക ശാസ്ത്രജ്ഞനായിരുന്നു എം എസ് സ്വാമിനാഥനെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐ

ഹരിത വിപ്ലവം എന്ന പദം കേൾക്കുമ്പോൾത്തന്നെ അതിന്റെ മുഖ്യശിൽപി ആയിരുന്ന സ്വാമിനാഥനാണ് ഓർമ്മയിലെത്തുന്നത്. വലിയ തോതിൽ വിളവ് ഉണ്ടാകുന്നതിനുതക്ക വിധത്തിൽ വിത്തുകളുടെ ക്ഷമത വർദ്ധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ കാർഷിക രംഗത്തെ വൻ തോതിൽ ജനകീയമാക്കുന്നതിന് സഹായകമായി. ഭക്ഷ്യക്ഷാമം അടക്കം ഒഴിവാക്കുന്നതിന് വേണ്ട കർമോന്മുഖമായ ഇടപെടലുകൾ നടത്തിയ ഈ കാർഷിക ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതകൊണ്ടു കൂടിയാണ് ശ്രദ്ധേയനായി നിൽക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകൾ ലോകത്തിന്റെ പലഭാഗങ്ങളിലും വലിയ തോതിൽ കാർഷികാഭിവൃദ്ധി ഉണ്ടാക്കുന്നതിനും ഭക്ഷ്യ ദാരിദ്ര്യത്തിനെതിരായ പരിശ്രമങ്ങളെ മുമ്പോട്ടു കൊണ്ടുപോകുന്നതിനും സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക സമൃദ്ധിയിലൂടെ സമ്പദ് ഘടനയുടെ ശാക്തീകരണം എന്നതായിരുന്നു എം എസ് സ്വാമിനാഥന്റെ മുദ്രാവാക്യം. ആ വിധത്തിലുള്ള ശാക്തീകരണം ജനജീവിതനിലവാരം ഉയർത്തുന്നതിന് ചെറിയതോതിലൊന്നുമല്ല സഹായിച്ചത്. ലോകകാർഷിക രംഗത്ത് തലയെടുപ്പോടെ ഉയർന്നുനിന്ന ഈ ശാസ്ത്രജ്ഞൻ എന്നും കേരളത്തിന്റെ അഭിമാനമായിരുന്നു. താൻ പ്രവർത്തിച്ച മേഖലയിൽ പുതുതായി കടന്നുവരുന്നവർക്ക് നിത്യ പ്രചാദനമായിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തന മാതൃക. ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലടക്കം അദ്ദേഹം സമുന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിരവധി പുരസ്‌കാരങ്ങൾ ദേശിയ-അന്തർ ദേശിയ തലങ്ങളിൽ നേടിയ അദ്ദേഹം പാർലമെന്റംഗമായിരിക്കെ കാർഷിക രംഗത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി അവതരിപ്പിച്ച ബിൽ സവിശേഷ പ്രധാന്യമുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത കാർഷിക ശാസ്ത്രജ്ഞനാണ് ഹരിത വിപ്ലവത്തിന്റെ പതാകാവാഹകനായിരുന്ന എം എസ് സ്വാമിനാഥൻ. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രത്തിന് പൊതുവിലുണ്ടായ നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: നിയമന കോഴ ആരോപണം: മലക്കം മറിഞ്ഞ് ഇടനിലക്കാരന്‍ അഖില്‍ സജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button