തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തിൽ മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ഹരിദാസിൽ നിന്ന് അഖിൽ മാത്യുവിന്റെ പേരിൽ പണം വാങ്ങിയെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അഖിൽ മാത്യുവിനോട് വിശദീകരണം തേടിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
തന്നെ ഇതിലേക്ക് മനഃപൂർവം വലിച്ചിഴച്ചതാണെന്നാണ് അഖിൽ മാത്യു നൽകിയ മറുപടിയെന്നും മന്ത്രി വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments