മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പറയാറുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടുമാകാം മുടി കൊഴിച്ചിലുണ്ടാകുന്നത്. കാലാവസ്ഥ, സ്ട്രെസ്, മോശം ഡയറ്റ്, ഉറക്കമില്ലായ്മ, ഹോര്‍മോണ്‍ വ്യതിയാനം, ചില ആരോഗ്യപ്രശ്നങ്ങള്‍/ അസുഖങ്ങള്‍, ചില മരുന്നുകള്‍ – അങ്ങനെ പോകുന്നു കാരണങ്ങള്‍.
എന്തായാലും ഭക്ഷണമടക്കമുള്ള നമ്മുടെ ജീവിതരീതികള്‍ ആരോഗ്യകരമായ വിധത്തില്‍ പുനക്രമീകരിക്കാനായാല്‍ ഒരു പരിധി വരെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും. ഇത്തരത്തില്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനും സഹായകമായൊരു ഡയറ്റ് ടിപ് ആണിനി പങ്കുവയ്ക്കുന്നത്.
സീഡ്സ് അഥവാ വിവിധയിനം വിത്തുകള്‍ നിങ്ങള്‍ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തിന് മികച്ചതായിരിക്കും. ഇതാണ് പങ്കുവയ്ക്കാനുള്ള ഡയറ്റ് ടിപ്. ഇനി ഏതെല്ലാം സീഡ്സ് ആണ് ഇങ്ങനെ കഴിക്കേണ്ടത് എന്നുകൂടി അറിയാം.
ഫ്ളാക്സ് സീഡ്സ്:- ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമായ ഫ്ളാക്സ് സീഡ്സ് മുടി വളര്‍ച്ച കൂട്ടാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാനും ഫ്ളാക്സ് സീഡ്സ് സഹായകമാണ്.
ചിയ സീഡ്സ് :- പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാലെല്ലാം സമ്പന്നമായ ചിയ സീഡ്സും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെ മുടി പൊട്ടുന്നതും, മുടി ഡ്രൈ ആകുന്നതും തടയുന്നതിനും ഇത് സഹായകമാണ്.
പംകിൻ സീഡ്സ് അഥവാ മത്തൻ കുരു :- സിങ്ക് എന്ന ധാതുവിനാല്‍ സമ്പന്നമാണ് പംകിൻ സീഡ്സ്. സിങ്ക് മുടിയുടെ വളര്‍ച്ചയ്ക്കും മുടിക്ക് കേടുപാടുകളഅ സംഭവിക്കുന്നത് തടയുന്നതിനുമെല്ലാം ഏറെ സഹായിക്കുന്ന ഘടകമാണ്.
സണ്‍ഫ്ളവര്‍ സീഡ്സ് അഥവാ സൂര്യകാന്തി വിത്ത് :- വൈറ്റമിൻ-ഇയുടെ നല്ലൊരു സ്രോതസാണ് സൂര്യകാന്തി വിത്തുകള്‍. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും ഇതുവഴി മുടി വളര്‍ച്ച കൂട്ടുന്നതിനുമെല്ലാം സൂര്യകാന്തി വിത്തുകള്‍ സഹായിക്കുന്നു. ഇവയലടങ്ങിയിരിക്കുന്ന എസൻഷ്യല്‍ ഫാറ്റി ആസിഡുകളാകട്ടെ മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പ്രതിരോധിക്കുകയും ചെയ്യുന്നു.
Post Your Comments