ആഗോള വിപണിയിൽ ഇന്നും സമ്മർദ്ദം നിഴലിച്ചതോടെ ആഴ്ചയുടെ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. സെൻസെക്സ് 78.22 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,945.47-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 9.85 പോയിന്റ് നഷ്ടത്തിൽ 19,664.70-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ പോലും കുതിപ്പിന്റെ സൂചനകൾ ദൃശ്യമാകാത്തത് സമ്മർദ്ദത്തിന്റെ ആക്കം കൂട്ടുകയായിരുന്നു. അമേരിക്ക വീണ്ടും അടിസ്ഥാന പലിശ നിരക്ക് കൂട്ടുമെന്നും, ഏറെക്കാലത്തേക്ക് ഉയർന്ന പലിശ നിരക്ക് തുടരുമെന്നും വ്യക്തമാക്കിയത് ഓഹരി നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതികൾ ഇന്ത്യൻ ഐടി ഓഹരികളെ വലച്ചിട്ടുണ്ട്. ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവയാണ് ഇന്ന് കൂടുതൽ നഷ്ടം നേരിട്ട ഐടി കമ്പനികൾ. ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ശ്രീറാം ഫിനാൻസ്, യൂണിയൻ ബാങ്ക്, ബെർജർ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി. അതേസമയം, നെസ്ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് നേട്ടം നിലനിർത്തിയത്.
Post Your Comments