മലപ്പുറം: പൊലീസ് ട്രെയിനികളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിന് മുമ്പ് ഇനി മുതൽ എഡിജിപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. രേഖമൂലം ബന്ധപ്പെട്ട കമാന്‍ഡന്റുമാര്‍ സായുധസേന വിഭാഗം എഡിജിപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഉത്തരവ്. സര്‍ക്കാര്‍ പരിപാടികളിലടക്കം ഇത് ബാധകമാണെന്നും സായുധസേനാ പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു. മാത്രമല്ല ട്രെയിനികളുടെ പരിശീലന പുസ്തകത്തിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
സംസ്ഥാനത്തെ എല്ലാ പൊലീസ് ബറ്റാലിയനുകള്‍ക്കും നിര്‍ദേശം ബാധകമാണ്. മലപ്പുറത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്റേയും നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എംഎസ്പിയിലെ പൊലീസ് ട്രെയിനികളെ കാഴ്ച്ചക്കാരായി പങ്കെടുപ്പിച്ചിരുന്നു. സംഭവം വിമര്‍ശിക്കപ്പെട്ടതോടെയാണ് നടപടി.
ഞായറാഴ്ച്ച വൈകിട്ട് കുന്നുമ്മലിലെ സ്വകാര്യഹാളില്‍ നടന്ന പരിപാടിയിലേക്കാണ് നൂറിലധികം പൊലീസ് ട്രെയിനികളെ വിളിച്ചുവരുത്തിയത്. മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ആവശ്യത്തിന് ആളില്ലാതെ വന്നതോടെയാണ് പൊലീസ് ട്രെയിനികളെ പങ്കെടുപ്പിച്ചത്. പൊലീസ് വാഹനത്തില്‍ തന്നെയായിരുന്നു ഇവര്‍ പരിപാടിക്കെത്തിയത്. എന്നാല്‍ ചില അസൗകര്യം അറിയിച്ച് മന്ത്രി പരിപാടിക്ക് എത്തിയിരുന്നില്ല.
Post Your Comments