കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്റെ അറസ്റ്റിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഒരു കാലത്ത് ജീപ്പ് ഡ്രൈവർ ആയിരുന്ന അരവിന്ദാക്ഷൻ എങ്ങനെയാണ് പണം ഉണ്ടായതെന്ന് കൃത്യമായി അറിയാവുന്ന ആൾക്കാർ ആണ് ആ നാട്ടിലുള്ളതെന്ന് അനിൽ അക്കര പറയുന്നു. കേസുമായി ബന്ധപ്പെട്ട് എ.സി മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിച്ചിട്ട് അദ്ദേഹത്തിന് ഇക്കാര്യത്തിൽ പരാതിയില്ലെന്നും അനിൽ അക്കര പറയുന്നു. മൊയ്തീന്റെ സുഹൃത്തായ അരവിന്ദാക്ഷന് ഇനി ജയിലിൽ കഴിയാമെന്നും അനിൽ അക്കര പരിഹസിക്കുന്നു.
അതേസമയം, തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിലായി തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിന്‍റെ ഭാര്യ ബിന്ദു എന്നിവരെ ഇ.ഡി ഇന്ന് വിളിച്ചുവരുത്തിയിരുന്നു. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റും സിപിഎം നേതാവുമായ എം കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകൾ ഇ.ഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകളിലും വിവരങ്ങൾ തേടും. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എംകെ കണ്ണനെ ഏഴ് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എംകെ കണ്ണനെ ചോദ്യം ചെയ്തത്. എംകെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങൾ. വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Post Your Comments