അവശ്യ ഘട്ടങ്ങളിൽ ടിക്കറ്റുകൾ ആവശ്യമായിട്ടുള്ളവർക്ക് റെയിൽവേയുടെ പ്രത്യേക സംവിധാനമാണ് തൽക്കാൽ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തൽക്കാൽ ക്വാട്ടയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. തൽക്കാൽ ബുക്ക് ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ടിക്കറ്റുകൾ തീർന്നു പോകുന്നതിനാൽ, മിക്ക ആളുകൾക്കും തൽക്കാൽ ബുക്ക് ചെയ്യാൻ സാധിക്കാറില്ല. വൻ തിരക്കാണ് ഈ വേളയിൽ അനുഭവപ്പെടുക.
ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപ് തൽക്കാൽ ടിക്കറ്റുകളുടെ ബുക്കിംഗ് എസി ക്ലാസിൽ രാവിലെ 10.00 മണിക്കും, നോൺ എസി ക്ലാസിൽ രാവിലെ 11.00 മണിക്കുമാണ് ആരംഭിക്കുക. ഈ വേളയിൽ അനായാസമായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഐആർസിടിസിയുടെ ഓട്ടോമേഷൻ ടൂൾ ഉപയോഗിക്കാവുന്നതാണ്. ഈ സൗജന്യ ടൂളിലൂടെ യാത്രക്കാരുടെ പേരുകൾ, പ്രായം, യാത്രാ തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ വേഗത്തിൽ പൂരിപ്പിക്കാൻ കഴിയും. ഇത് ടിക്കറ്റുകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നതാണ്.
തൽക്കാൽ ഓട്ടോമേഷൻ ടൂൾ ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിധം
- ക്രോം ബ്രൗസറിൽ നിന്ന് ഐആർസിടിസി തൽക്കാൽ ഓട്ടോമേഷൻ ടൂൾ ഡൗൺലോഡ് ചെയ്യുക
- ഐആർസിടിസി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
- തൽക്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിനു മുൻപ്, യാത്രക്കാരുടെ വിശദാംശങ്ങൾ, യാത്രാ തീയതികൾ, പേയ്മെന്റ് മുൻഗണനകൾ എന്നിവ നൽകാൻ ടൂൾ ഉപയോഗിക്കുക
- ബുക്കിംഗ് സമയത്ത്, ‘ഡാറ്റ ലോഡ്’ എന്നതിൽ ക്ലിക്ക് ചെയ്യുക
- യാത്രക്കാരുടെ വിവരങ്ങൾ സെക്കൻഡുകൾക്കകം പൂരിപ്പിക്കപ്പെടും
- തുടർന്ന് പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്
Post Your Comments