Latest NewsKeralaNews

നഴ്‌സിംഗ് മേഖലയിൽ ചരിത്ര മുന്നേറ്റം, സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 സീറ്റുകൾ

തിരുവനന്തപുരം: സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബിഎസ്‌സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ സർവകലാശാല അനുമതി നൽകി. ചരിത്രത്തിലാദ്യമായാണ് ബിഎസ്‌സി നഴ്‌സിംഗിൽ ഇത്രയേറെ സീറ്റുകൾ ഒരുമിച്ച് വർധിപ്പിക്കുന്നത്. ഈ സീറ്റുകളിൽ ഈ വർഷം തന്നെ അഡ്മിഷൻ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നിൽ കണ്ട് ഈ സർക്കാരിന്റെ കാലത്ത് നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകൾക്ക് അംഗീകാരം നൽകുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സർക്കാർ മേഖലയിലും സർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി-പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളേജുകൾ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. വർധിപ്പിച്ച സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടം: ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

2023 ഒക്ടോബർ 31 വരെ നഴ്‌സിംഗ് വിഭാഗങ്ങളിൽ അഡ്മിഷൻ നടത്താൻ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അനുമതി നൽകി. സ്വാശ്രയ മാനേജ്‌മെന്റുകളുടെ അഭ്യർത്ഥനയും, പുതിയ കോളേജുകൾ ആരംഭിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ സാഹചര്യത്തിൽ ഒക്ടോബർ 31 വരെ അഡ്മിഷൻ നടത്താൻ കഴിയും. ഇതിന്റെയടിസ്ഥാനത്തിൽ ബിഎസ്‌സി നഴ്‌സിംഗ് ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചും അത് ഷെഡ്യൂൾ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.

സർക്കാർ മേഖലയിൽ 760 പുതിയ ബിഎസ്‌സി നഴ്‌സിംഗ് സീറ്റുകൾ ഈ വർഷം വന്നതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ അഡ്മിഷൻ എടുത്തിട്ടുള്ള കുട്ടികൾക്ക് പുതിയ സർക്കാർ, സിമെറ്റ്, സി-പാസ്, മാനേജ്‌മെന്റ് കോളേജുകളിലേയ്ക്ക് ഓപ്ഷൻ മുഖേന മാറുന്നതിന് അവസരം നൽകാൻ യോഗം തീരുമാനിച്ചു.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിംഗ് കോളേജും തിരുവനന്തപുരത്ത് 100 സീറ്റുള്ള പുതിയ ബാച്ചും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിൽ വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള നഴ്‌സിംഗ് കോളേജുകൾ ആരംഭിക്കുന്നു. സി-പാസിന്റെ കീഴിൽ കൊട്ടാരക്കരയിൽ 40 സീറ്റ് നഴ്‌സിംഗ് കോളേജിന് അനുമതി നൽകിയിട്ടുണ്ട്.

ഈ സർക്കാർ വന്ന ശേഷം നഴ്‌സിംഗ് മേഖലയിൽ വലിയ മുന്നേറ്റമാണുണ്ടായത്. 2022-23 ൽ 832 ബിഎസ്‌സി നഴ്‌സിംഗ് സീറ്റുകൾ ഉയർത്തി. നഴ്‌സിംഗ് മേഖലയിൽ 2021 വരെ ആകെ 7422 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 2022 ൽ 8254 സീറ്റുകളായും 2023 ൽ 9821 സീറ്റുകളായും വർധിപ്പിച്ചു. 2021വരെ സർക്കാർ മേഖലയിൽ 435 ബിഎസ്‌സി നഴ്‌സിംഗ് സീറ്റുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവർഷം കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകൾ (120 സീറ്റ്) ആരംഭിച്ചു. കൂടാതെ നിലവിലുള്ള കോളേജുകളിൽ അധികമായി 92 സീറ്റുകളും വർധിപ്പിച്ചു.

ഇതുകൂടാതെയാണ് ഈ വർഷം 760 സർക്കാർ സീറ്റുകൾ വർധിപ്പിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 612 ബിഎസ്‌സി നഴ്‌സിംഗ് സീറ്റുകൾ സർക്കാർ മേഖലയിലും സർക്കാർ, സ്വകാര്യ മേഖലയിലായി ആകെ 2399 സീറ്റുകളും വർധിപ്പിക്കാൻ കഴിഞ്ഞു. 2023-24ൽ 1517 ബിഎസ്‌സി നഴ്‌സിംഗ് സീറ്റുകളാണ് വർധിപ്പിക്കാൻ പ്രതീക്ഷിക്കുന്നത്. കൂടാതെ സർക്കാർ മേഖലയിൽ ജനറൽ നഴ്‌സിംഗിന് ഈ വർഷം മുൻവർഷത്തെ അപേക്ഷിച്ച് 100 സീറ്റ് വർധിപ്പിച്ച് 557 സീറ്റുകളായി ഉയർത്തി. തിരുവനന്തപുരത്തും ആലപ്പുഴയിലും എംഎസ്‌സി മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സിന് അനുമതി (16 സീറ്റ്) നൽകി. ട്രാൻസ്‌ജെൻജർ വ്യക്തികൾക്ക് നഴ്‌സിംഗ് മേഖലയിൽ സംവരണം അനുവദിക്കുകയും ചെയ്തു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, നഴ്‌സിംഗ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ, എൽബിഎസ് ഡയറക്ടർ, ആരോഗ്യ സർവകലാശാല രജിസ്ട്രാർ, നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രാർ, സ്വകാര്യ മേഖലയിലെ സംഘടനാ പ്രതിനിധികൾ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read Also: കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ വീട്ടില്‍ പരിശോധന: പോലീസ് സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button