കൊല്ലം: മദ്യപാനികളെ കോള നല്‍കി പറ്റിച്ച യുവാവ് കൊല്ലത്ത് പിടിയില്‍. മദ്യക്കുപ്പിയില്‍ കോളനിറച്ചായിരുന്നു തട്ടിപ്പ് നടത്തിയ ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്.
ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവരെയാണ് ഇയാൾ കോള നല്‍കി കബളിപ്പിച്ചത്. നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. മദ്യം വാങ്ങാന്‍ എത്തുന്നവരോട് തന്റെ കയ്യില്‍ മദ്യം ഉണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയില്‍ കോള നിറച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി.
രാത്രിയിലും ബിവറേജില്‍ വലിയ ക്യൂ ഉള്ളപ്പോഴും ബിവറേജ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പുമാണ് ഇയാള്‍ ഇത്തരത്തില്‍ മദ്യമാണെന്ന പേരില്‍ കോള വില്‍പ്പന നടത്തിയത്.
മദ്യം വാങ്ങിയവര്‍ കഴിക്കാനായി എടുത്ത് രുചിച്ചു നോക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് നിരവധി പരാതികള്‍ ബിവറേജസിന്റെ മാനേജര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് യുവാവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ കോള നിറച്ച മദ്യകുപ്പിയുമായി വീണ്ടും തട്ടിപ്പ് തുടരാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ഓച്ചിറ പോലീസിന് കൈമാറിയ പ്രതിയെ പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments