Latest NewsKeralaIndia

ഈ രാജ്യം തന്നെ സ്ത്രീയാണെന്നോർമ്മിപ്പിക്കാൻ 75 വർഷങ്ങൾക്കിപ്പുറത്ത് ‘ആണൊരുത്തൻ’ വരേണ്ടി വന്നു’-ആര്യാലാൽ

ന്യൂഡൽഹി: വനിതാസംവരണ ബിൽ ഇരുസഭകളും പാസാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടുള്ള ആര്യാലാലിന്റെ കുറിപ്പ് വൈറലാകുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം:

“തീരാത്ത ദു:ഖത്തിൻ തീരത്തൊരു നാളിൽ സ്ത്രീയായ് ദൈവം ജനിക്കേണം…” പെണ്ണിന്റെ കണ്ണീരിന്റെ താപവും ആഴവും അറിയാനാണ് ദൈവം പെണ്ണായി ജനിക്കണം എന്ന് വയലാർ എഴുതിയത്. അതിന് ‘ആണായി’ ജനിച്ചാലും മതിയെന്നാണ് രാജ്യം കാട്ടിത്തരുന്നത്.

വിരഹതാപത്തിന്റെ ചൂടു സഹിക്കാതെ ഹൃദയമെരിച്ച സതിയിൽ നിന്നാണത് തുടങ്ങിയത്. യജ്ഞം പിഴച്ച് ആഭിചാരമാകാൻ ഏറെ നാൾ വേണ്ടി വന്നില്ല. കണ്ണുനീരിന് കെടുത്താൻ കഴിയാഞ്ഞ,വിലാപ നിശ്വാസങ്ങളിൽ ആളിക്കത്തിയ അഗ്നി എത്ര സ്ത്രീ ഹൃദയങ്ങളെ എരിച്ച മണ്ണാണിത്!
മറക്കുടകൾക്കു കീഴിൽ ഒളിച്ചു പോയ താരുണ്യ ഭംഗികൾ .ഒച്ചയും ഉമ്മറവും വിലക്കപ്പെട്ട ലജ്ജാ സ്വരങ്ങൾ. ആകാശത്തിന്റെ ദൈവം രണ്ടിലൊന്നായി ചുരുക്കിയ ജീവിതാവകാശങ്ങൾ.

നടതള്ളിവിട്ട വിവാഹ നിയമങ്ങൾ. മൂന്നു വട്ടം തള്ളിപ്പറഞ്ഞവസാനിപ്പിക്കാവുന്ന ലളിത ബാധ്യത. സ്ത്രീയ്ക്ക് എല്ലാ വേഷങ്ങളിലും അഭിനയിച്ചു തീർക്കാനുണ്ടായിരുന്നത് ഇതൊക്കെയായിരുന്നു!
ഇടയിൽ അടുപ്പിൽ നിന്നും ചില തീപ്പൊരികൾ പറന്നുയർന്ന് വെളിച്ചമായി മാറിയിട്ടുണ്ട്. എങ്കിലും മനോരാജ്യങ്ങളിൽ മാത്രം അർദ്ധരാജ്യം സ്വപ്നം കാണാൻ കഴിഞ്ഞിരുന്നവരായിരുന്നു അവരിൽ ഏറെയും. ചിലരാകട്ടെ സ്വപ്നം എന്തെന്ന് പോലും അറിയാത്തവരും !

അടുപ്പിൽ ചാരം മൂടിക്കിടന്ന കനലുകൾക്ക് ജീവൻ വയ്ക്കുകയാണ്. അതെരിഞ്ഞ് അഗ്നിയാവാൻ പോകുന്നു.! ഈ രാജ്യത്തിന്റെ ഊർജമായി മാറുന്നു. കേവലമായ ഒരു ഭരണഘടനാ ബാധ്യത മാത്രമല്ല വനിതാ സംവരണം . അത് ഈ രാജ്യത്തിന്റെ ദാർശനിക ബാധ്യത കൂടിയാണ്. സർവ്വ മഹത്വങ്ങളിലും സ്ത്രീത്വവും മാതൃത്വവും ദർശിച്ച മണ്ണാണിത്. സ്ത്രീയെ ദേവിയായി ആരാധിക്കാനവകാശമുള്ള മണ്ണ് . പുസ്തകങ്ങളിൽ എഴുതപ്പെട്ട മഹത്വം സ്ത്രീയെ ജീവിതത്തിൽ തേടി വരികയാണ്. ഏട്ടിലെ പശു പുല്ലു തിന്നാൻ തുടങ്ങുന്നു.

ഇത് ഒരു പ്രായശ്ചിത്തം കൂടിയാണ്. സഗരന്റെ വംശ പാപങ്ങൾക്ക് ഭഗീരഥന്റെ പ്രായശ്ചിത്തം പോലെ ഒന്ന്. സഞ്ചരിക്കാൻ സ്വാതന്ത്ര്യം കൊടുത്തിട്ട് ചങ്ങലകളെക്കുറിച്ച് പറയാതിരുന്നതിന് ,പൊതു ഇടങ്ങളെല്ലാം വിലക്കിയതിന് ,മനോഹരമായ മൈലാഞ്ചിയിട്ടവിരലുകൾ നൽകിയിട്ട് വിഴുപ്പും മെഴുക്കും മാത്രം അലക്കാൻ നൽകിയതിന് , നീണ്ടു വിടർന്ന മിഴികളിൽ കണ്ണീരു മാത്രം നിറച്ചതിന് , വലിയ ലോകം സൃഷ്ടിച്ചിട്ട് അടുക്കള കൊണ്ട് തൃപ്തിപ്പെടുത്തിയതിന് ,ഭൂതകാലത്തിന്റെ ചുടലക്കളങ്ങളിൽ ഭർത്താവിനൊത്തെരിഞ്ഞവർ മുതൽ നിശബ്ദതയും കണ്ണുനീരും കൂട്ടി സഹനം എന്ന ഹോമാഗ്നിയിൽ ജീവിതം ഹോമിച്ചവർക്കായി,അധികാരത്തുടർച്ചയ്ക്കു വേണ്ടി ഒരു ‘രാജകുമാരൻ’ ബലി കൊടുത്ത ഷാബാനു എന്ന സ്ത്രീയുടെ,തുടർന്ന് ദുരിതക്കടലിലായിപ്പോയ ലക്ഷക്കണക്കായ സ്ത്രീകളുടെ കണ്ണുനീരിന് ഉത്തമനായ ഒരു പുരുഷന്റെ പ്രായശ്ചിത്തം കൂടിയാണിത്.

വനിതാസംവരണത്തിനു മേലുള്ള കോൺഗ്രസ് അവകാശങ്ങളെ റദ്ദു ചെയ്യാൻ ‘ഷാബാനു’ എന്ന ഒറ്റ പേരു മതി. അന്നാണ് ആ അശരീരി : “അരേ ദുരാചാര നൃശംസ … പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ…”എന്ന് വീണ്ടും കേട്ട് രാജ്യം ലജ്ജിച്ചത്.എത്ര പ്രച്ഛന്നവേഷം കെട്ടിയാലും ഏതു പെട്ടി തലയിലേറ്റി നടന്നാലും അതിന്റെ ശാപത്തിൽ നിന്ന് മുടിഞ്ഞു തീരാതെ ഒഴിഞ്ഞു പോക്കില്ല.
തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കു പകരം അവരുടെ ഭർത്താക്കൻമാരുടെ പടം പോസ്റ്ററിൽ അടിക്കുന്നവരുടെ ശതമാനക്കണക്കുകൂടിയാണ് വനിതാ സംവരണം വർദ്ധിപ്പിച്ചിരിക്കുന്നത്.

‘ദൈവത്തിന് സ്ത്രീയാകാനും കഴിയും’ എന്നു കൂടി വിശ്വസിക്കാൻ കഴിയാത്ത സ്ത്രീ വിരുദ്ധരുടെ മുന്നണിയാണ് വനിതാ സംവരണത്തെ സ്വപ്നമാക്കി താലോലിച്ചിരുന്നു എന്നു പറഞ്ഞു നടക്കുന്നത്.
സ്ത്രീയിൽ നിന്നും ജനിച്ചതിന്റെ കൂറുകാണിക്കാൻ, ഈ രാജ്യം തന്നെ സ്ത്രീയാണെന്നോർമ്മിപ്പിക്കാൻ എഴുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറത്ത് ‘ആണൊരുത്തൻ’ വരേണ്ടി വന്നു… ആ ഹൃദയ വിശുദ്ധിക്കു മാത്രമല്ല,നല്ലൊരാണിനെ പെറ്റ വയറിനും നന്ദി!

shortlink

Related Articles

Post Your Comments

Related Articles


Back to top button