വാഹന വായ്പകൾ തിരയുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്. ഉപഭോക്താക്കൾക്കായി ഇരുചക്ര വാഹന വായ്പകൾ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2025 ഓടെയാണ് ഈ ലക്ഷ്യം കൈവരിക്കാൻ സാധ്യത. കൂടാതെ, 2025 ഓടെ നിലവിലെ ആസ്തി 4,500 കോടി രൂപയിൽ നിന്ന് 7,000 കോടി രൂപയാക്കി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
ഇൻഷുറൻസ്, മണി ട്രാൻസ്ഫർ ബിസിനസ് തുടങ്ങിയ മേഖലകളിലാണ് മുത്തൂറ്റ് മിനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന് പുറമേ, വരും പാദങ്ങളിൽ ശാഖ വിപുലീകരണത്തിനും, ഡിജിറ്റൽ നിക്ഷേപങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ്. നടപ്പു സാമ്പത്തിക വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 100 ശാഖകൾ തുറക്കാനാണ് കമ്പനിയുടെ പദ്ധതി. പുതിയ ശാഖകൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ, കമ്പനിയുടെ ആകെ ശാഖകളുടെ എണ്ണം 950 ആയി ഉയരും. ഇതിലൂടെ ശരാശരി ശാഖാ വരുമാനം 5 കോടി രൂപയാക്കി ഉയർത്താനാണ് ലക്ഷ്യം. ബാങ്ക് ഇതര ധനകാര്യ സ്ഥാപന മേഖലയിൽ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് മുത്തൂറ്റ് മിനിയുടെ പുതിയ നടപടി.
Post Your Comments