Latest NewsKeralaNews

മന്ത്രിസഭ പുനസംഘടന: മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ: മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണ്. മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ല. ഈ മന്ത്രിസഭ പുനസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും തൃശ്ശൂരിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ കെ സുരേന്ദ്രൻ പറഞ്ഞു.

Read Also: കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം: രാജ്ഭവന് മുന്നിൽ സത്യാഗ്രഹവുമായി എൽഡിഎഫ്

നാഥനില്ലാ കളരിയായി സംസ്ഥാന ആഭ്യന്തരവകുപ്പ് മാറി. പിഞ്ച് കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുകയാണ്. മാരകരോഗങ്ങൾ തിരിച്ച് വരുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ്. ആരോഗ്യവകുപ്പ് വേണ്ടത്രെ മുൻകരുതലുകൾ എടുക്കാത്തതാണ് നിപ വീണ്ടും പടർന്ന് പിടിക്കാൻ കാരണം. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന്റെ ചുറ്റുമുള്ള പേരാമ്പ്രയിൽ നിപസാധ്യതയുണ്ടെന്നറിഞ്ഞിട്ടും പനിയുള്ളവരുടെ സാംപിളുകൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടില്ല.
സമ്പൂർണമായ ഭരണസ്തംഭനമാണ് സംസ്ഥാനത്തുള്ളത്. പിണറായിയുടെ ഭരണത്തിൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്. സിഎജി റിപ്പോർട്ട് സർക്കാരിന്റെ മുഖംമൂടി വലിച്ചുകീറി. 22,000 കോടി രൂപ വൻകിടക്കാരിൽ നിന്നും സർക്കാരിന് പിരിച്ചെടുക്കാനുണ്ട്. വൻകിട കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സർക്കാരിനുള്ളത്. ഒരു ഭാഗത്ത് ജനങ്ങളെ കൊള്ളയടിക്കുമ്പോൾ മറുഭാഗത്ത് വൻകിടക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. നരേന്ദ്രമോദി സർക്കാരിന്റെ സഹായമില്ലെങ്കിൽ സംസ്ഥാനത്ത് ദൈനംദിന ചിലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാതെ സോളാറിന്റെ പിന്നാലെ പോവുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് സോളാർ കേസ്. മാസപ്പടി വിവാദത്തിലും ഇവർ ഒരേ പക്ഷത്താണ്. ഭരണപക്ഷത്തിന്റെ അഴിമതിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. വരും ദിവസങ്ങളിൽ സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മാധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി പ്രതിപക്ഷ സഖ്യം ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button