പാലക്കാട്: പിടികിട്ടാപുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻഐഎ. ആറ് പേർക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷിരകവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എൻഐഎ പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിയിലെ എൻഐഎ ഓഫീസിന്റെ ഫോൺ നമ്പറും വിലാസവും ലുക്ക് ഔട്ട് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾ റഷീദ്, ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദാലി, കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ്, ഇട്ടിലത്തൊടിയിൽ മുഹമ്മദ് മൻസൂർ, എറണാകുളം സ്വദേശി അബ്ദുൾ വഹാബ്, പേര് വിവരങ്ങൾ ലഭിക്കാത്ത മറ്റൊരാൾ എന്നിവർക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഭീകരവാദ കേസുമായി ബന്ധപ്പെട്ട എൻഐഎ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇവർ. കേസ് എടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു. ഇവർക്കായി ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചിട്ടുള്ളത്.
പേരും വിവരവും ലഭ്യമാകാത്ത ആളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് എൻഐഎ പാരിതോഷികമായി നൽകുക. അബ്ദുൾ വഹാബ്, അബ്ദുൾ റഷീദ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകും. മറ്റുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപയും പ്രതിഫലമായി നൽകാനാണ് എൻഐഎ തീരുമാനം.
Post Your Comments