വിദേശ രാജ്യങ്ങളിൽ നിന്ന് നിക്ഷേപ സാധ്യതകൾ തേടി ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് റീട്ടെയിൽ. 3.5 ബില്യൺ ഡോളർ സമാഹരിക്കുക എന്ന ആഭ്യന്തര ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി. റിപ്പോർട്ടുകൾ പ്രകാരം, സിംഗപ്പൂർ, സൗദി അറേബ്യ, അബുദാബി എന്നിവിടങ്ങളിലെ സോവറിൻ വെൽത്ത് ഫണ്ടുകൾ ഉൾപ്പെടെ നിലവിലുള്ള നിക്ഷേപകരുമായി 1.5 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപത്തിനായി റിലയൻസ് റീട്ടെയിൽ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ടെന്നാണ് സൂചന.
സിംഗപ്പൂരിലെ ജിഐസി, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ റിലയൻസ് റീട്ടെയിലിൽ 500 മില്യൺ ഡോളർ വീതം നിക്ഷേപിക്കാൻ സാധ്യതയുണ്ട്. അതേസമയം, കഴിഞ്ഞ മാസം മുതൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഒരു ബില്യൺ ഡോളർ നിക്ഷേപവും, ആഗോള നിക്ഷേപസ്ഥാപനമായ കെകെആർ 250 ദശലക്ഷം ഡോളർ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യൻ വിപണിയിൽ കമ്പനികൾ ഏറ്റെടുക്കുകയും, മുൻനിര അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി അവകാശങ്ങൾ നേടുകയും ചെയ്തുകൊണ്ട് റിലയൻസ് റീട്ടെയിൽ അതിന്റെ ബിസിനസ് വിപുലീകരണം നടത്തുന്നുണ്ട്.
Post Your Comments