ഹോങ് കോങ്: ഹോങ് കോങ്ങില്‍ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്ത്യൻ വംശജൻ അറസ്റ്റിൽ. പൊതുസ്ഥലത്ത് വെച്ച് പരസ്യമായിട്ടായിരുന്നു യുവാവിന്റെ ആക്രമണം. വിനോദസഞ്ചാരിയായ യുവതിയെ യുവാവ് കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്ളോഗര്‍ കൂടിയായ യുവതി പുറത്തുവിട്ടിരുന്നു. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഹോങ് കോങ് സെന്‍ട്രലില്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമം നടന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നഗരത്തിലൂടെ നടക്കാനിറങ്ങിയ യുവതി നഗരക്കാഴ്ചകള്‍ സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇതിനിടെ ഒരാള്‍ വഴി ചോദിച്ച് യുവതിയെ സമീപിച്ചു. ഇത് വീഡിയോയിൽ വ്യക്തമായി കാണാം. മറുപടി നൽകുന്നതിനിടെ, ഇയാൾ പെട്ടന്ന് യുവതിയെ കടന്നുപിടിക്കുകയും തന്റെ കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തു. യുവതി ഒഴിഞ്ഞുമാറിയെങ്കിലും ഇയാൾ വിടാൻ ഭാവമില്ലായിരുന്നു.
‘ഞാന്‍ ഒറ്റയ്ക്കാണ്, എന്നോടൊപ്പം വരൂ’ എന്നുപറഞ്ഞാണ് പ്രതി യുവതിയെ കയറിപിടിച്ചത്. കൈ പിടിച്ചുമാറ്റിയ യുവതി, ‘നോ, നോ’ എന്ന് പറയുന്നുണ്ടെങ്കിലും പ്രതി പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മെട്രോ സ്റ്റേഷനിലെ വഴിയില്‍വെച്ചാണ് പ്രതി വീണ്ടും കയറിപിടിച്ചത്. പിന്നാലെ ബലമായി ചുംബിക്കുകയും ചെയ്തു. അപ്രതീക്ഷിത സംഭവത്തിൽ യുവതി ഞെട്ടി. സഹായത്തിനായി ചുറ്റിനുള്ളവരോട് അഭ്യർത്ഥിച്ചു. ഈ സമയം നോക്കി യുവാവ് ഇവിടെ നിന്നും കടന്നുകളഞ്ഞു. ഇതെല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ഫോളോവേഴ്സ് കണ്ടിരുന്നു. ഇത് വൈറലായതോടെ, യുവാവിനെതിരെ പോലീസ് കേസെടുത്തു. അധികം വൈകാതെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments