തിരുവനന്തപുരം: പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. പ്രതിയെ തമിഴ്‌നാട്ടില്‍നിന്നുമാണ് പിടികൂടിയത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ നാഗര്‍കോവിലില്‍ നിന്നാണ് പ്രിയരഞ്ജന്‍ പിടിയിലായത്. കുടുംബവുമായി നാട് വിട്ട പ്രതിയെ 12 ദിവസത്തിന് ശേഷമാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. അറസ്റ്റിലായ പ്രിയരഞ്ജന് നേരെ ജനരോഷം ശക്തമാകുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കാണാനിടയായതാണ് അപകടമരണം ആയി അവസാനിക്കേണ്ട കേസ് ആസൂത്രിത കൊലപാതകമാണെന്ന സംശയത്തിൽ എത്തിയത്.
ആദ്യം അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആയിരുന്നു പ്രിയരഞ്ജനെതിരെ കേസ്. രണ്ടു ദിവസങ്ങൾക്കു ശേഷം മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതും ബന്ധുക്കളുടെ മൊഴിയും പ്രതിക്ക് തിരിച്ചടിയായി. അഞ്ചുമാസം മുൻപ് ക്ഷേത്രവളപ്പിൽ ആദിശേഖറിനെ പ്രതി മർദിക്കാൻ ഒരുങ്ങി എന്ന വെളിപ്പെടുത്തലും കൂടിയായപ്പോൾ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പ്രതി തങ്ങളുടെ അടുത്ത ബന്ധുവല്ലെന്നും സംശയമുണ്ടെന്നും കുട്ടിയുടെ അച്ഛൻ മൊഴി നൽകുകയും ചെയ്തിരുന്നു. ഒപ്പം സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം പ്രതിയെ കാണാതായതും സംശയത്തിന് കാരണമായി.
അഞ്ചുമാസം മുമ്പ് ക്ഷേത്രവളപ്പിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ‘മാമാ ഇത് ശരിയാണോ? ക്ഷേത്രമല്ലേ’ എന്ന് മാത്രമാണ് ആദിശേഖർ അന്ന് ചോദിച്ചത്. അതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാണാൻ പോലീസ് സ്റ്റേഷനിൽ ജനം തടിച്ചുകൂടി. വൈകിട്ട് അഞ്ചുമണിയോടെ പ്രതിയെ കാണാൻ ആളുകൾ എത്തിത്തുടങ്ങി. പ്രിയരഞ്ജന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയേക്കും.
Post Your Comments