കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 1999-ൽ മലേഷ്യയിലെ പന്നി കർഷകർക്കിടയിൽ പൊട്ടിപ്പുറപ്പെട്ട സമയത്താണ് നിപാ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 1999 ന് ശേഷം മലേഷ്യയിൽ പുതിയ പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2001-ൽ ബംഗ്ലാദേശിലും ഇത് സ്ഥിരീകരിച്ചു.
എൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാൽ പോലുള്ള ജീവികളിൽ നിന്ന് നിപ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്.
കംബോഡിയ, ഘാന, ഇന്തോനേഷ്യ, മഡഗാസ്കർ, ഫിലിപ്പീൻസ് തുടങ്ങി നിരവധി രാജ്യങ്ങളിലെ അറിയപ്പെടുന്ന പ്രകൃതിദത്ത റിസർവോയറിലും (ടെറോപസ് ബാറ്റ് സ്പീഷീസ്) മറ്റ് നിരവധി വവ്വാലു ഇനങ്ങളിലും വൈറസിന്റെ തെളിവുകൾ കണ്ടെത്തിയതിനാൽ തായ്ലൻഡ് അടക്കമുള്ള മറ്റ് പ്രദേശങ്ങളും അണുബാധയ്ക്ക് സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിലും ഇന്ത്യയിലും വയർസ് സ്ഥിരീകരിച്ചത് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രീതിയായിരുന്നു. 2001-ൽ ഇന്ത്യയിലെ സിലിഗുരിയിൽ, വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്നു. 2001 മുതൽ 2008 വരെ, ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പകുതിയോളം രോഗബാധിതരായ രോഗികൾക്ക് പരിചരണം നൽകുന്നതിലൂടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതാണ്.
കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് മറ്റുപലരോഗങ്ങളുടെ കാര്യത്തിലുമെന്നപോലെ നിപ വൈറസ് രോഗത്തിനുമുള്ള അടിസ്ഥാനകാരണം. വനനശീകരണത്തെത്തുടർന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത വർധിക്കുകയും മൂത്രം, ഉമിനീര് തുടങ്ങിയ സ്രവങ്ങളിലൂടെ വൻതോതിൽ വൈറസ് പുറത്തേക്ക് വിസർജിക്കപ്പെടുകയും ചെയ്തു. അങ്ങനെ മറ്റു മൃഗങ്ങളും തുടർന്ന് മനുഷ്യരും രോഗബാധയ്ക്ക് വിധേയരായി.
Post Your Comments