
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര/ സംസ്ഥാന ആരോഗ്യ വകുപ്പുകൾ. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി അധികൃതർ വിവരം സർക്കാരിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നിരുന്നു. നേരത്തെ രണ്ടു വട്ടം നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
ഓഗസ്റ്റ് 30നാണ് ആദ്യം മരണം സംഭവിച്ചത്. മരുതോങ്കര സ്വദേശിയാണ് മരിച്ചത്. ഇയാളുടെ നാലും ഒമ്പതും വയസുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലുള്ളത്. ഇതിൽ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. ഒമ്പതു വയസുകാരൻ വെന്റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. ഇന്നലെയാണ് അടുത്തയാൾ മരിച്ചത്. ആദ്യ രോഗി മരിച്ചപ്പോൾ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.
മരിച്ച രണ്ടു പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതോടെയാണ് സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്.2018 ൽ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49 കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40കാരനുമാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 28 ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച ഇയാൾ രണ്ട് ദിവസത്തിന് ശേഷം ഇവിടെ വെച്ച് മരിക്കുകയായിരുന്നു. ഇയാളുമായി നേരിട്ട് ബന്ധമില്ലാത്ത വടകര ആയഞ്ചേരി സ്വദേശിയായ 40 കാരനെ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ഏറെ വൈകും മുമ്പെ ഇയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. ഇയാളുടെ പരാശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. തുടർന്നാണ് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. ആരോഗ്യവകുപ്പ് ഇന്നലെ രാത്രി തന്നെ ജാഗ്രത നിർദേശമിറക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോടെത്തിയ ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Post Your Comments