Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന, ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിലോ?

തിരുവനന്തപുരം: വിവാദമായ സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ അറിയിച്ചതോടെ രാഷ്ട്രീയ കേരളം ഇളകിമറിയുകയാണ്. കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എം എല്‍ എയുമായ കെബി ഗണേഷ് കുമാർ അടക്കം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് സി ബി ഐ റിപ്പോർട്ട്. ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരും ഈ ഗൂഡാലോചനയില്‍ പങ്കുചേർന്നെന്നാണ് മുന്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി.

സംഭവം വീണ്ടും കത്തുമ്പോൾ കുടുക്കിലായിരിക്കുന്നത് ഗണേഷ് കുമാറാണ്. സര്‍ക്കാരിനെ വിമര്‍ശനമുനയില്‍നിര്‍ത്തി വിമതവേഷത്തില്‍ നില്‍ക്കുകയും, യു.ഡി.എഫിലേക്ക് കണ്ണുപായിച്ച് അവസരം കാത്തിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതിനാല്‍, ഉമ്മന്‍ചാണ്ടിയെ ഒപ്പംനിന്ന് ചതിച്ച ഒറ്റുകാരനായി പ്രഖ്യാപിച്ച് കോണ്‍ഗ്രസിലെ യുവനിര ഗണേഷിനെരെ തിരിഞ്ഞപ്പോള്‍ രാഷ്ട്രീയകവചം തീര്‍ക്കാന്‍ സ്വന്തം മുന്നണിയായ എല്‍.ഡി.എഫും രംഗത്തില്ലാത്ത സ്ഥിതിയാണ്.

ഉമ്മന്‍ചാണ്ടി നല്‍കിയ ഔദാര്യമാണ് ഗണേഷിന്റെ പൊതുജീവിതമെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. കൂടെനിന്ന് ചതിക്കുന്നവന്റെ വേഷം ഗണേഷ് സിനിമയില്‍ ഒന്നിലേറെത്തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ ജീവിതത്തിലും പകര്‍ന്നാടി എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. ഗണേഷിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് പറഞ്ഞൊഴിയുകയാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ചെയ്തത്.

പിണറായി സര്‍ക്കാരിന്റെ രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗതാഗതമന്ത്രിസ്ഥാനം ഗണേഷിന് ലഭിക്കുമെന്നാണ് നേരത്തേ എല്‍.ഡി.എഫിലുണ്ടായ ധാരണ. ആ ധാരണ പാലിക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണിപ്പോള്‍. ഗണേഷിന്റെ പാര്‍ട്ടിക്ക് നല്‍കിയ മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനംപോലും സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ റദ്ദാക്കിയത് അടുത്തദിവസമാണ്.

കേസില്‍ കെ.ബി. ഗണേഷ് കുമാറിനെതിരേ ഉമ്മന്‍ചാണ്ടിയും മൊഴിനല്‍കിയിരുന്നു. വ്യാജരേഖകള്‍ ഹാജരാക്കി സോളാര്‍ അന്വേഷണക്കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്ന കേസിലായിരുന്നു ഇത്. 2018-ല്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലായിരുന്നു മൊഴി. തന്റെ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ഗണേഷ് കുമാറിന് സ്ഥാനം തിരികെക്കിട്ടാത്തതിനാല്‍ തന്നോടും യു.ഡി.എഫ്. നേതാക്കളാടും വിരോധമുണ്ടെന്നായിരുന്നു മൊഴിനല്‍കിയത്.

മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ജേക്കബ് നല്‍കിയ കേസിലായിരുന്നു ഇത്. പരാതിക്കാരി പത്തനംതിട്ട ജയിലില്‍വെച്ച് എഴുതിയ 21 പേജുള്ള കത്തില്‍ യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ ലൈംഗികാരോപണങ്ങളടങ്ങിയ നാലുപേജ് എഴുതിച്ചേര്‍ത്തത് എതിര്‍കക്ഷികളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

കൃത്രിമരേഖചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത കോടതി, സമന്‍സയക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളോട് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. പ്രതികരിച്ചില്ല. തന്റെ മണ്ഡലമായ പത്തനാപുരത്തുതന്നെയുണ്ടായിരുന്നെങ്കിലും അദ്ദേഹം ഫോണ്‍വിളികളോട് പ്രതികരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button