മാരകേഷ്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ പിടിച്ചുകുലുക്കി വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ ശക്തമായ ഭൂകമ്പം. മരണം 2000 കടന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 2500 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇതില്‍ 1404 പേരുടെ നില ഗുരുതരമാണ്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ചരിത്രപ്രസിദ്ധമായ മാരാക്കേച്ചിലെ പഴയ നഗരത്തെ ചുറ്റിപ്പറ്റിയുള്ള പ്രസിദ്ധമായ ചുവന്ന മതിലുകളുടെ ഭാഗങ്ങളും തകർന്ന കെട്ടിടങ്ങളും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.
രാത്രി 11:11 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രാഥമിക തീവ്രത 6.8 ആയിരുന്നുവെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മൊറോക്കോയുടെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് ആൻഡ് അലേർട്ട് നെറ്റ്‌വർക്ക് റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി. 19 മിനിറ്റിനുശേഷം വീണ്ടും റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ഏജൻസി അറിയിച്ചു. മാരകേഷ് എന്ന സ്ഥലത്ത് നിരവധി കെട്ടിടങ്ങളാണ് തകർന്നിരിക്കുന്നത്. ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു. രാജ്യത്ത് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രവർത്തനങ്ങൾക്ക് വർഷങ്ങൾ തന്നെ വേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
Also Read:‘എന്റെ ജീവൻ അപകടത്തിലാണ്, രക്ഷിക്കണം’: മോചനത്തിന് സജീവമായി ഇടപെടണമെന്ന് നിമിഷ പ്രിയ
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, അഗാദിർ, എസ്സൗയിറ എന്നിവിടങ്ങളിലും ശക്തമായ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ നിരവധി നിവാസികൾ അർദ്ധരാത്രിയിൽ അലറിവിളിച്ച് തെരുവിലേക്കിറങ്ങി. കെട്ടിടങ്ങള്‍ക്കടിയില്‍ ഇനിയും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വൈദ്യുതിയില്ലാതായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഭൂകമ്പത്തിൽ തകർന്ന മൊറോക്കോയിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങളെടുക്കുമെന്ന് റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.
മാരാകേഷിന് 60 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള തഫെഘാഘെ ഗ്രാമം ഭൂകമ്പത്താൽ പൂർണ്ണമായും നശിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏകദേശം 50 കിലോമീറ്റർ അകലെയാണ്. 1960-ലെ ഭൂകമ്പത്തിന് ശേഷം മോർക്കോയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇതെന്നാണ് റിപ്പോർട്ട്. 1960 ൽ ഉണ്ടായ ഭൂകമ്പം അഗാദിറിനെ പൂർണമായും ഇല്ലാതാക്കുകയും 15,000-ത്തിലധികം ആളുകളുടെ ജീവനെടുക്കുകയും ചെയ്തിരുന്നു.
Post Your Comments