Latest NewsNewsIndia

ഡി.എം.കെ – ‘ഡി ഫോർ ഡെങ്കിപ്പനി, എം ഫോർ മലേറിയ, കെ ഫോർ കൊസു’: എം.കെ സ്റ്റാലിനെതിരെ അണ്ണാമലൈ

ന്യൂഡൽഹി: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വൻ വിവാദമായതോടെ മകനെ ന്യായീകരിച്ച് എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഉദയനിധിയുടെ പിതാവ് കൂടിയായ സ്റ്റാലിന്റെ ‘ന്യായീകരണം’ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്ത്. ഡി.എം.കെ എന്നാൽ ഡെങ്കു, മലേറിയ, കൊതുക് എന്നാണർത്ഥമെന്ന് അണ്ണാമലൈ പരിഹസിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

”ഡി.എം.കെയെ ഇങ്ങനെ വിപുലീകരിക്കാം;

ഡി – ഡെങ്കിപ്പനി
എം – മലേറിയ
കെ – കൊസു (കൊതുക്)”

തമിഴ്‌നാട്ടിൽ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യേണ്ടതുണ്ടെങ്കിൽ അത് ഡി.എം.കെയെ ആണെന്ന് അദ്ദേഹം എക്‌സിൽ എഴുതി. ഭാവിയിൽ ആളുകൾ ഈ മാരക രോഗങ്ങളെ ഡി.എം.കെയുമായി ബന്ധപ്പെടുത്തുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പരിഹസിക്കുന്നു.

കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഉദയനിധി സനാതന ധർമ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങൾ എതിർക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്ന് ഡി.എം.കെ നേതാവ് പറഞ്ഞിരുന്നു. സനാതന ശർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ വിവാദമായതോടെ, ‘സനാതന ധർമ്മ’ത്തിന്റെ അനുയായികൾക്കെതിരെ അക്രമത്തിന് താൻ ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പിന്നീട് അവകാശപ്പെട്ടു.

ഉദയനിധിയെ വിമർശിച്ച് അണ്ണാമലൈ രംഗത്ത് വന്നിരുന്നു. ക്രിസ്ത്യൻ മിഷനറിമാരിൽ നിന്നാണ് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ആശയം ഉദയനിധിക്ക് ലഭിച്ചതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. അവരുടെ ആശയങ്ങൾ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറിയെന്നും അണ്ണാമലൈ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മകന്റെ വാക്കുകളെ ന്യായീകരിച്ച് സ്റ്റാലിൻ രംഗത്ത് വന്നത്.

ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ പറഞ്ഞത്. തന്റെ മകന്റെ പരാമർശം തെറ്റായ വിവരണമാണെന്ന വിമർശനം നിരസിച്ച സ്റ്റാലിൻ, തങ്ങളുടെ നിലപാടുകൾ ഉൾക്കൊള്ളാൻ കഴിയാത്ത ബി.ജെ.പി അനുകൂലികൾ തങ്ങളുടെ തത്വങ്ങൾ അടിച്ചമർത്താൻ വേണ്ടി മനഃപൂർവ്വം നടത്തിയ പ്രചാരണമാണെന്നും ആരോപിച്ചിരുന്നു.

\

shortlink

Related Articles

Post Your Comments

Related Articles


Back to top button