‘ദുർഗ്ഗ’ എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ് സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി – ദുർഗ്ഗമായി നമ്മെ രക്ഷിക്കുന്നത് എന്നാണ്. പ്രകൃതിയിൽ കാണുന്ന എന്തും ദുർഗ്ഗമാണ്. നമ്മെ രക്ഷിക്കുന്ന വീട്, രാജ്യത്തെ രക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോട്ട, ഓരോ വിത്തുകളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന അതിന്റെ തോട്, സ്വന്തം കുഞ്ഞുങ്ങളെ അപകടങ്ങളിൽ നിന്നും കാക്കുന്ന മനുഷ്യ പക്ഷി മൃഗാദികളുടെ സംരക്ഷണം, അമ്മയുടെ ലാളന, എല്ലാം ദുർഗ്ഗയുടെ ഭാവങ്ങളാണ്.
ഗമനത്തെ നിരോധിക്കുവാനുള്ള തന്ത്രമാണ് ‘ദുർഗ്ഗം’. ബാഹ്യലോകത്തിൽ നിന്നും സൂക്ഷിക്കേണ്ടതും രക്ഷിക്കേണ്ടതും ആയതിനെ കോട്ടകെട്ടി രക്ഷിക്കുന്നു. ദുർഗ്ഗത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരിക്കുന്നത് അമ്മയാണ്. അമ്മ ആദ്യം ഗർഭസ്ഥശിശുവായിരുന്നു. സൂതികാഗൃഹത്തിൽ പ്രസവിക്കപ്പെടുന്നു.
അമ്മയുടെ, അമ്മയുടെ മടിയിലും കിടക്കയിലും തൊട്ടിലിലും ശൈശവം കഴിച്ചുകൂട്ടുന്നു. കുറച്ചുകൂടി വളർന്ന് ബാലികയായിത്തീരുന്നു. പിന്നെ കുമാരി. അതുകഴിഞ്ഞ് നവോഢ. പിന്നെ ഒരു ജീവിതകാലമത്രയും ഒരു പുരുഷന്റെ വാമഭാഗം അലങ്കരിക്കുന്ന വധുവായി, ധർമ്മചാരിയായ ഭർത്താവിന്റെ ധർമ്മപത്നിയായി ജീവിക്കുന്നു. ആ സമയത്ത് ഗർഭിണിയാകുന്നു. അതിനുവേണ്ടി ദാമ്പത്യത്തിൽ പലപ്പോഴും ഗോപ്യമായ ജീവിതം വേണ്ടിവരുന്നു.
അന്ത:പുരത്തിന്റെ പല രഹസ്യങ്ങളും സൂക്ഷിക്കേണ്ടി വരുന്നു. മക്കളുടെ അമ്മയായിത്തീർന്നാൽ പിന്നെ കുടുംബരഹസ്യത്തിന്റെ സൂക്ഷിപ്പുകാരിയായിത്തീരുന്നു. ബന്ധുജനങ്ങളുടെ ഇടയിൽ ഈർഷ്യയുണ്ടാകാതിരിക്കാൻ പലരുടെയും മനോവിചാരത്തേയും പറഞ്ഞ വാക്കുകളേയും ചെയ്ത പ്രവൃത്തികളേയും കുടുംബക്ഷേമത്തിനുവേണ്ടി രഹസ്യമാക്കിവെയ്ക്കുന്നു. സ്വഭർത്താവിന്റെ പ്രിയാപ്രിയങ്ങളിൽ വന്നുകൂടുന്ന അപാകതകളെ മറ്റുള്ളവരുടെ മുമ്പിൽ ഘോഷിക്കാതെ സൗമ്യമായി തിരുത്താനുള്ള സൗകര്യങ്ങൾ നോക്കണം. കുടുംബത്തിന്റെ യശസ്സു മുതൽ പണം, പൊന്ന് മുതലായ എല്ലാറ്റിനെയും സുരക്ഷിതമാക്കിവെയ്ക്കണം. ഇതെല്ലാം കൊണ്ട് സാന്ദർഭികമായി അമ്മയ്ക്ക് പലഭാവങ്ങൾ പ്രകടിപ്പിക്കേണ്ടതായി വരും.
Post Your Comments