അയക്കൂറ വറുത്തതിന് 600, ആവോലി-215; ഹോട്ടലുകളില്‍ വറുത്ത മീനിന് പൊള്ളുന്ന വില

കണ്ണൂര്‍: ട്രോളിങ്ങ് നിരോധനം നീക്കിയശേഷം വിപണിയിൽ മീന്‍വില കുറഞ്ഞെങ്കിലും നഗരത്തിലെ ഹോട്ടലുകളിൽ മാറ്റമൊന്നുമില്ല. ഹോട്ടലുകളിലെ മീൻ വിഭവങ്ങൾക്ക് തീ വിലയാണ്. ട്രോളിങ്ങ് നിരോധിച്ച കാലത്തെ ഉയര്‍ന്ന വില തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. തെക്കിബസാറിലെ ഒരു ഹോട്ടലില്‍ 450 ഗ്രാം തൂക്കം വരുന്ന അയക്കൂറ വറുത്തതിന് 600 രൂപയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ട്രോളിങ്ങിന് മുൻപ് അയക്കൂറ വറുത്തതിന് 155 രൂപയാണ് ഇതേ ഹോട്ടലില്‍ ഇടാക്കിയിരുന്നത്.

അയല-85, കൂന്തല്‍-135, ചെമ്മീന്‍-135, ആവോലി-215, കരിമീന്‍-215, സ്രാവ്-175 എന്നിങ്ങനെയാണ് മറ്റുള്ളതിന്റെ നിരക്കുകള്‍. ഇന്ത്യന്‍ കോഫി ഹൗസില്‍ അയല വറുത്തതിന് 60 രൂപയും ബീഫ് ഫ്രൈക്ക് 95 രൂപയും ചിക്കന്‍ കറിക്ക് 75 രൂപയും. മീന്‍വറുക്കാന്‍ കാര്യമായ അധികച്ചെലവില്ല എന്നിരിക്കെയാണ് ഈ തീവില എന്നതും ശ്രദ്ധേയം. കടല്‍, പുഴ മത്സ്യങ്ങള്‍ സുലഭമായി വിലക്കുറവില്‍ ലഭിക്കുമ്പോഴും വില കുറയ്ക്കാന്‍ ഹോട്ടലുകാർ തയ്യാറാകാത്തത് ജനങ്ങളെ ബാധിക്കുന്നുണ്ട്.

Share
Leave a Comment