ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഓഹരികൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 241 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,628-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 93.50 പോയിന്റ് നേട്ടത്തിൽ 19,528.80-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ആഗോള വിപണികൾ കരുത്താർജ്ജിച്ചതും, ആഭ്യന്തര സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന ശുഭ സൂചനകളുമാണ് ഇന്ന് വിപണിക്ക് ഊർജ്ജം പകർന്നത്. പുതിയ വിദേശനിക്ഷേപങ്ങളും ആഭ്യന്തര വിപണിയിൽ മുന്നേറ്റത്തിന് കാരണമായി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.00 ശതമാനവും സ്മോൾക്യാപ് സൂചിക 0.8 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്. ഇന്ന് 2,300 ഓഹരികൾ നേട്ടത്തിലും, 1,440 ഓഹരികൾ നഷ്ടത്തിലും, 198 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാ ടെക് സിമന്റ്, എൽ ആൻഡ് ടി, മാരുതി, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. അതേസമയം, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലേറി.
Post Your Comments