ന്യൂഡൽഹി: സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നും അത് എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. സനാതന നിരോധന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉദയനിധി.
‘ചില കാര്യങ്ങൾ എതിർക്കപ്പെടേണ്ടവയല്ല, ഉന്മൂലനം ചെയ്യപ്പെടേണ്ടവയാണ്. നാം ഡെങ്കി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കുകയല്ല വേണ്ടത്, ഉന്മൂലനം ചെയ്യുകയാണ്. അതുപോലെ സനാതന ധർമവും ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ്.’- ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സനാതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തന്റെ പ്രസ്താവനയുടെ പേരിൽ ഉണ്ടാകുന്ന ഏത് വെല്ലുവിളികളെ നേരിടാനും താൻ തയ്യാറാണെന്നും, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഉദയനിധി പിന്നീട് എക്സിൽ കുറിച്ചു.
തങ്ങൾ പെരിയാറുടെയും അണ്ണായുടെയും കലൈഞ്ജറുടെയും പിന്മുറക്കാരാണ്. ദ്രാവിഡ ഭൂമിയിൽ നിന്നും സനാതന ധർമത്തെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. അതേസമയം നേരത്തെ താനും ഭാര്യയും ക്രിസ്ത്യൻ വിശ്വാസികളാണെന്ന് ഉദയനിധി വെളിപ്പെടുത്തിയിരുന്നു. ഉദയനിധിയുടെ വാക്കുകൾക്കെതിരെ ബിജെപി രംഗത്തെത്തി.
സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ അങ്ങേയറ്റം അപകടകരവും ഗുരുതരവുമാണ്. രാജ്യത്തെ എൺപത് ശതമാനം വരുന്ന ജനങ്ങളെയും വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നൽകിയിരിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിൻ ഡി എം കെ സർക്കാരിലെ ഒരു മന്ത്രി കൂടിയാണ്. അയാൾ സനാതന ധർമത്തെ മലേറിയയോടും ഡെങ്കിയോടുമൊക്കെയാണ് ഉപമിക്കുന്നത്.
ഭാരതത്തിൽ സനാതന ധർമം പിന്തുടരുന്നത് എൺപത് ശതമാനം ജനങ്ങളാണ്. അവരെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നൽകിയിരിക്കുന്നതെന്ന് മാളവ്യ പറഞ്ഞു.ഇതാണോ ഇൻഡിയ സഖ്യത്തിന്റെ മുംബൈ യോഗത്തിലെ തീരുമാനമെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
Post Your Comments