കൊച്ചി: യൂറോപ്പിനായി രണ്ട് കപ്പല്‍ നിര്‍മ്മിക്കാന്‍ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലക്ക് 1050 കോടിയുടെ കരാര്‍. യൂറോപ്യന്‍ ഉള്‍ക്കടലിലെ കാറ്റാടിപ്പാടങ്ങളുടെ അറ്റകുറ്റപ്പണി ലക്ഷ്യമിട്ട് സൈപ്രസിലെ പെലാജിക് വിന്‍ഡ് സര്‍വീസസ് എന്ന കമ്പനിക്ക് വേണ്ടിയുള്ള കപ്പലുകളുടെ നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം തുടക്കമിട്ടു. കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ കരാറുകളില്‍ ഒന്നാണിത്.
Read Also: കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും
ഉള്‍ക്കടലിലെ കാറ്റാടിപ്പാടങ്ങളിലെത്തി അവയുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും കാര്യക്ഷമമായി നടത്താന്‍ ശേഷിയുള്ളതാകും രണ്ട് കപ്പലും. കൂറ്റന്‍ കാറ്റാടിയന്ത്രങ്ങളിലേക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ നടപ്പാത, 150 പേര്‍ക്ക് യാത്ര ചെയ്യാനും താമസിക്കാനും സൗകര്യം എന്നിവ ഈ കപ്പലുകളുടെ സവിശേഷതയാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന കാറ്റാടിപ്പാടങ്ങള്‍ യൂറോപ്പിലെ ഉള്‍ക്കടലുകളില്‍ വ്യാപകമായി സ്ഥാപിക്കപ്പെടുന്നുണ്ട്.
ഇവയുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിക്കും ഉപയോഗിക്കാവുന്ന കപ്പലുകള്‍ നിലവില്‍ ചൈനയിലും യൂറോപ്പിലുമാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. കൊച്ചി കപ്പല്‍ശാലയുടെ കുതിപ്പിന് കരാര്‍ കൂടുതല്‍ ഗുണം ചെയ്യും. ഇത്തരം കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള കൂടുതല്‍ കരാറുകള്‍ വരും വര്‍ഷങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനകം 40 കപ്പലുകള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്ത കൊച്ചി കപ്പല്‍ശാലയുടെ പരിചയസമ്പത്ത് തന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.
Post Your Comments